3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി കുവൈത്ത്‍

കുവൈത്തിൽ മൂവായിരം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി. ലൈസൻസ് എടുക്കുമ്പോൾ ഉണ്ടായിരുന്ന തസ്‍തികയിൽ നിന്ന് ജോലി മാറുകയോ, കുവൈത്തിൽ ലൈസൻസ് എടുക്കുന്നതിന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നിജപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ വരികയോ ചെയ്തതു കൊണ്ടാണ് ഇത്രയും പേരുടെ ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ചതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ പറഞ്ഞു.
പ്രവാസികൾക്ക് കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് ജോലി ചെയ്യുന്ന തസ്‍തികയും ശമ്പളവും ഉൾപ്പെടെയുള്ള നിരവധി നിബന്ധനകളുണ്ട്. ലൈസൻസ് നേടിയ ശേഷം പിന്നീട് തൊഴിൽ മാറുന്ന പ്രവാസികളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിനെയും പബ്ലിക് അതോറിറ്റി ഫോർ മാന്‍പവറിനെയും ബന്ധിപ്പിച്ച് ഓണ്‍ലൈന്‍ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെട്ട പ്രവാസികൾക്ക് തങ്ങളുടെ കാർ രജിസ്ട്രേഷൻ രേഖകൾ പുതുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
2021 ഡിസംബർ 15 മുതലാണ് മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കാനുള്ള തീരുമാനം എടുത്തത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ വെബ്‍സൈറ്റ് വഴിയും സഹൽ ആപ്ലിക്കേഷൻ വഴിയുമാണ് ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.
ഇതുവരെ 23 ലക്ഷത്തിലധികം ഡ്രൈവിങ് ലൈസൻസുകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ ഓൺലൈൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുമെന്നും ഇക്കാര്യത്തിൽ ആർക്കും ഇളവുകൾ ലഭിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
fvgjghj