കെടിയുവിൽ നിയമവിരുദ്ധമായി തുടരുന്ന ആറ് സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണമെന്ന് വിഡി സതീശന്‍

സാങ്കേതിക സർവകലാശാലയിൽ ആറ് സിൻഡിക്കേറ്റ് അംഗങ്ങൾ തുടരുന്നത് നിയമവിരുദ്ധമായാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 2021 ഓക്ടോബറിൽ പാസാക്കിയ സാങ്കേതിക സർവകലാശാല ബിൽ ഗവർണർ ഇതുവരെ ഒപ്പുവച്ചില്ല. ബിൽ വന്നതോടെ നവംബർ 14ന് ഓർഡിനൻസും കാലഹരണപ്പെട്ടു. ഈ ഓർഡിനൻസിന്റെ അടിസ്ഥാനത്തിലാണ് ആറ് സിൻഡിക്കേറ്റ് അംഗങ്ങൾ നിയമിതരായതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എംപി പികെ ബിജു, അഡ്വ ഐ സാജു, ഡോ യമുന, വിനോദ് കുമാർ ജേക്കബ്, ജി സഞ്ജീവ്, വിനോദ് മോഹൻ ഉൾപ്പെടെയുള്ളവർ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ദൈനംദിന ഭരണത്തിലും നിയമനത്തിലും ഇടപെടുകയാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. ഇവർ വിസിയെ പോലും പ്രവർത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇവരെ അടിയന്തിരമായി പുറത്താക്കണം. ഒന്നേകാൽ വർഷം ഇവർ കൈപ്പറ്റിയ 50 ലക്ഷം രൂപയും തിരിച്ച് പിടിച്ച് ഇവർ എടുത്ത തീരുമാനങ്ങളൊക്കെ പിന്‍വലിക്കണം. ഇതൊക്കെ കേരളത്തിലെ ഒരു സർവകലാശാലയിലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ബജറ്റിനെതിരെ യുഡിഎഫ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുന്നു. നികുതി പിരിവിലുണ്ടായ അപകടകരമായ പരാജയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സർക്കാരിന്റെ അനാസ്ഥ കൊണ്ടുണ്ടായ ബാധ്യതയാണ് ജനങ്ങൾക്ക് മേൽ കെട്ടിവയ്ക്കുന്നത്. അതുതന്നെയാണ് ഇന്നലെ സിഎജി റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പതിനായിരം കോടിയോളം രൂപ സ്വർണത്തിൽ നിന്നും പിരിച്ചെടുക്കാനുണ്ട്. ബാറുകളിൽ ടേണ്‍ ഓവർ ടാക്‌സും പിരിച്ചിട്ടില്ല. ചെക്ക് പോസ്റ്റും ക്യാമറയും പരിശോധനകളും ഇല്ലാത്ത അരാജകത്വമാണ് നികുതി വകുപ്പിൽ നടക്കുന്നത്. നികുതി വകുപ്പിനുണ്ടായ പരാജയവും ധൂർത്തുമാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്’, വി ഡി സതീശന്‍ പറഞ്ഞു.
കേരളം കടക്കെണിയിൽ അല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയും കടവും തമ്മിലുള്ള അനുപാതം 39.1 ആണ്. മറ്റൊരു സംസ്ഥാനത്തും ഈ അവസ്ഥയിലല്ല. 19 സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തിയുള്ള പഠനത്തിലും 5 വർഷത്തിനിടെ കേരളത്തിലെ നികുതി വരുമാന വർധന വെറും 2 ശതമാനമാണ്. ജിഎസ്ടിയിൽ ഏറ്റവും കൂടുതൽ നികുതി വരുമാനം കിട്ടേണ്ട സംസ്ഥാനം കേരളമായിരുന്നു. നികുതി പിരിച്ചെടുക്കുന്നതിലുള്ള പരാജയം മറച്ച് വച്ചുകൊണ്ട് സർക്കാർ സാധാരണക്കാരെ പിഴിയുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ുി്ു്