പിണറായി വിജയന്‍റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കിയ ആസാം സ്വദേശികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫോട്ടോ ഉപയോഗിച്ചു വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കി പണമാവശ്യപ്പെട്ടു സന്ദേശമയച്ച കേസിൽ ആസാം സ്വദേശികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ആസാം സ്വദേശിയുടെ പേരിലുള്ള മൊബൈൽ നന്പർ ഉപയോഗിച്ചു നിർമിച്ച വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. ഈ മൊബൈൽ നന്പർ കേന്ദ്രീകരിച്ചാണ് കൊച്ചി സൈബർ പോലീസ് അന്വേഷണം നടത്തുന്നത്.
സംഭവത്തിൽ ഒന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൊഫൈൽ ഫോട്ടോയുള്ള വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം സന്ദേശം കിട്ടിയത്. ഇദ്ദേഹം സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.