ഓർഡിനൻസ് വിഷയം; സർക്കാർ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് ഇപി ജയരാജൻ

ഓർഡിനൻസ് വിഷയത്തിൽ സർക്കാർ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഗവർണറെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണത്തിൽ സ്തംഭനാവസ്ഥയില്ലെന്നും സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
ലോകായുക്ത ഓർഡിനൻസ് ഉൾപ്പെടെയുള്ള 11 സുപ്രധാന ഓർഡിനൻസുകൾ ഗവർണർ ഒപ്പുവയ്ക്കാത്തതിനെത്തുടർന്ന് അസാധുവായ പശ്ചാത്തലത്തിലാണ് സർക്കാർ അനുനയ നീക്കം ശക്തമാക്കുകയാണെന്ന് ഇപി ജയരാജൻ വ്യക്തമാക്കിയത്. പ്രശ്‌നങ്ങളുണ്ടെങ്കിൽ പറഞ്ഞുതീർക്കുമെന്നും ഏത് അസാധാരണ സാഹചര്യവും സാധാരണ സാഹചര്യമായി മാറുമെന്നും ഇപി ജയരാജൻ പറഞ്ഞു.
കോഴിക്കോട് മേയർ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത വിഷയത്തിലും ഇ പി ജയരാജൻ പ്രതികരണമറിയിച്ചു. മേയർക്കെതിരെ കടുത്ത നടപടിയ്ക്ക് സാധ്യതയില്ല. വിഷയം സിപിഐഎം ജില്ലാ കമ്മറ്റി പരിശോധിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. നടപടി ശാസനയിൽ ഒതുങ്ങാനാണ് സാധ്യത. എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമർത്ഥരായ കുറ്റവാളികളാണ് ആക്രമണം നടത്തിയത്. സമർത്ഥരായ ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കുകയാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.