സെക്രട്ടേറിയറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഫയലുകൾ കുന്നുകൂടുന്ന സാഹചര്യത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് യോഗം. വീഡിയോ കോൺഫറൻസ് വഴിയാകും യോഗം ചേരുക.
മുന്നിലിരിക്കുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഓർമ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റ് ജീവനക്കാരോട് പറഞ്ഞത് അധികാരമേറ്റതിന് പിന്നാലെയായിരുന്നു. വർഷം നാല് കഴിഞ്ഞിട്ടും ഫയൽ നീക്കത്തിൽ കാര്യമായ പുരോഗതിയില്ല. ഇടക്കിടെ അവലോകന യോഗങ്ങളും പതിവായി. ഇതിലും കാര്യമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്. വ്യാഴാഴ്ച വരെ തീരുമാനമെടുത്ത ഫയലുകളുടെ എണ്ണം, തീർപ്പാക്കേണ്ടവയുടെ പുരോഗതി എന്നിവ അറിയിക്കാനും നിർദേശിച്ചു.
റവന്യൂ ആഭ്യന്തരം, പൊതു വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകളേറെയും കെട്ടിക്കിടക്കുന്നത്. രണ്ടു ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടപ്പുണ്ടെന്നാണ് സൂചന. കൊവിഡ് കാലമായതോടെ ഫയൽ നീക്കം പ്രതിസന്ധിയിലായി. ഇതു കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.