ദുരിതപ്പലായനങ്ങൾ തുടർ ചരിത്രമാവുന്നു; ജാഗ്രതയും ക്ഷമയുമിനി ആയുധങ്ങളാക്കാം


ജീവിതത്തിൽ പലായനം ചെയ്യാത്തവർ വിരളമായിരിക്കും. അതേസമയം മനുഷ്യ ചരിത്രത്തിലുടനീളം സംഘർഷഭരിതവും സഹനം നിറഞ്ഞതുമായ പലായനത്തിന്റെ അധ്യായങ്ങൾ എഴുതിച്ചേർ‍ക്കപ്പെട്ടിട്ടുണ്ട്. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് പുതിയ മേച്ചിൽ‍പ്പുറങ്ങൾ തേടിയുള്ള ഇച്ഛാശക്തിയുടെ യാത്രയാണ് ഓരോ പലായനവും. നമ്മുടെ ജന്‍മഭൂമിയായ മലയാളക്കരയ്ക്കുള്ളിലും ഒരു മഹാ പലായനത്തിന്റെ ചരിത്രമുറങ്ങുന്നുണ്ട്. അത് മധ്യകേരളത്തിൽ നിന്ന് 1920നും മുന്പേ മലബാറിലേയ്ക്കുള്ള പലായനമായിരുന്നു.
കോവിഡിന്റെ ഈ കടുത്ത വ്യാധിക്കാലത്തും രാജ്യം അനവധി പലായനങ്ങൾ‍ക്ക് സാക്ഷ്യം വഹിക്കുന്നു. അത് ഇതുവരെയുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തവുമാണ്. അതിജീവനത്തിനുവേണ്ടിയുള്ള ആ യാത്രകൾ അത്യന്തം വേദനാജനകമാണ്. അന്യദേശത്തു നിന്ന് വീടണയാനുള്ള വെന്പലിൽ‍ നിരവധി ജീവനുകളാണ് നൂറുകണക്കിന് കിലോമീറ്ററുകൾ‍ നീളുന്ന ദുരിത നടത്തത്തിൽ‍ പൊലിഞ്ഞത്.
ഇന്ത്യ ലോക്ക് ഡൗൺ ആയ ശേഷം ഇതുവരെ ഉണ്ടായ അപകടങ്ങളിൽ റോഡിലും റെയിൽ‍വേ ട്രാക്കിലുമൊക്കെയായി മരിച്ചു വീണത് 321 പേരാണ്. ഇതിൽ 111 പേരും സ്വന്തം നാടുകളിലേക്ക് നടന്നു തളർന്നും ട്രക്കുകളിലും മറ്റും തിരുകിക്കയറി പോയ സാധാരണ തൊഴിലാളികളാണ്. മെയ് 8-ാം തീയതി മധ്യപ്രദേശിലേക്കുള്ള യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ ഔറംഗബാദിനടുത്ത് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ 16 കുടിയേറ്റത്തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു. പിറ്റെ ദിവസം മധ്യപ്രദേശിലെ നർസിങ്പൂർ‍ ജില്ലയിൽ അഞ്ച് തൊഴിലാളികൾ ട്രക്ക് മറിഞ്ഞ് മരിച്ചു. മെയ് 13ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ഉത്തർ‍പ്രദേശിലെ ബല്‍രാംപൂരിലേക്ക് പോയ ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. ഇതേ ദിവസം തന്നെ മധ്യപ്രദേശിലെ ചിത്രകൂടിൽ സൈക്കിൾ‍ യാത്ര ചെയ്യുകയായിരുന്ന ഒരാളും ട്രക്കിടിച്ചു മരിച്ചു.
പഞ്ചാബിൽ നിന്ന് ബീഹാറിലേക്ക് നടന്നു പോവുകയായിരുന്ന ആറ് കുടിയേറ്റ തൊഴിലാളികൾ ഉത്തർ‍പ്രദേശിലെ മുസഫർ നഗറിലെ ദേശീയ പാതയിൽ ബസ് പാഞ്ഞു കയറി മരിച്ചത് മെയ് 14നാണ്. മെയ് 15ന് ഉത്തർ‍പ്രദേശിലെ നാല് ജില്ലകളിലായി നടന്ന അപകടങ്ങളിൽ‍ അഞ്ച് പേർ മരിച്ചു. മെയ് 16ന് ഉത്തർപ്രദേശിലെ ഔരയ്യ ജില്ലയിൽ‍ 40 കുടിയേറ്റത്തൊഴിലാളികളും കുടുംബങ്ങളുമായി യാത്ര ചെയ്ത ട്രക്കിൽ മറ്റൊരു ട്രക്കിടിച്ച് 26 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതേ ദിവസം മധ്യപ്രദേശിൽ വീടുകളിലെത്താനുള്ള യാത്രയിൽ ഉണ്ടായ വിവിധ റോഡപകടങ്ങളിൽ 10 കുടിയേറ്റത്തൊഴിലാളികളും മരിച്ചു.
ഇത്തരത്തിലുള്ള മരണങ്ങൾ തുടർക്കഥയാവുകയാണ്. ലോക്ക് ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ട് കൈയിൽ പണമില്ലാതെ വിശന്നു വലഞ്ഞ് എങ്ങിനെയെങ്കിലും സ്വന്തം വീട്ടിലെത്താനുള്ള നെട്ടോട്ടത്തിലാണ് പാവപ്പെട്ട കുടിയേറ്റത്തൊഴിലാളികൾ വഴി മദ്ധ്യേ മരിച്ചു വീഴുന്നത്. തികച്ചും അസാധാരണവും ഞെട്ടിപ്പിക്കുന്നതുമായ വാർ‍ത്തകളാണ് ദിനം പ്രതി നാം കേൾക്കുന്നത്. ഇങ്ങനെ അനിശ്ചിതത്വത്തിലേക്കുള്ള പലായനങ്ങൾ‍ തടയണമെന്ന് കേന്ദ്ര സർ‍ക്കാർ വിവിധ സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും വക വയ്ക്കാതെ ഊടുവഴികളിലൂടെയും മറ്റുമുള്ള യാത്രകൾ തുടരുകയാണ്. നിസ്സഹായരായ മനുഷ്യർ‍ നടന്നു നീങ്ങുന്ന വഴികളിലങ്ങനെ മായാത്ത് ചോരപ്പാടുകൾ‍ വീഴുന്നു. ഇങ്ങനെയുള്ള യാത്രകളിൽ വീടെത്തുന്നവരുടെയെണ്ണം തീർത്തും കുറവാണെന്നുള്ളതും ഖേദകരമാണ്.

ലോകചരിത്രത്തിൽ എണ്ണമറ്റ പലായനങ്ങളുടെ ഏടുകൾ കാണാം. ആ യാത്രകളിൽ പൊലിഞ്ഞു പോയ ജീവനുകളുടെ എണ്ണമെടുക്കുക എന്നത് അസാദ്ധ്യമായ കാര്യമാണ്. എന്നാൽ സുരക്ഷിതമായ ജീവിതം തേടിയുള്ള പലായനങ്ങൾക്ക് ഇന്നും അവസാനമില്ല. ഭൂമിയിൽ‍ മനുഷ്യരാശി ജീവനോടെ ഉള്ള കാലത്തോളം യാത്രകൾ തുടർന്നുകൊണ്ടേയിരിക്കും.

ലോകചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തിന് 1947 സാക്ഷ്യം വഹിക്കുകയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം ബ്രിട്ടീഷുകാർ രാജ്യം വിടുകയും ഇന്ത്യ- പാകിസ്ഥാൻ രൂപം കൊള്ളുകയും ചെയ്ത ചരിത്ര സന്ധിയിൽ ഇരു രാജ്യത്തു നിന്നും അങ്ങോട്ടും ഇങ്ങോട്ടും ആളുകൾ കൂട്ടത്തോടെ പലായനം ചെയ്തു. ഇന്ത്യയിൽ നിന്ന് ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ‍ പാകിസ്ഥാനിലേക്കും അവിടെ നിന്നും ഹിന്ദുക്കളും സിക്കുകാരും ഇന്ത്യയിലേക്കും ഒഴുകുകയായിരുന്നു. ഈ മഹാപലായനത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും മറ്റ് കൊടും ക്രൂരതകളും അരങ്ങേറി.

മറ്റൊന്ന് ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള പലായനമായിരുന്നു. 1959 മാർച്ച് 31ന് ടിബറ്റുകാരുടെ ആത്മീയ നേതാവ് ഇന്ത്യയിൽ രാഷട്രീയാഭയം തേടിയെത്തി. ഒപ്പം ഒരു ലക്ഷം അനുയായികളും. അവർക്ക് ഇന്ത്യ പാർപ്പിടമൊരുക്കിയപ്പോൾ ആ നടപടി ഇന്ത്യ -ചൈന യുദ്ധത്തിലാണ് കലാശിച്ചത്. 1971ൽ പാകിസ്ഥാനിലെ സൈനിക നടപടിയെയും ബംഗ്ലാദേശികൾ‍ക്കെതിരെ നടന്ന വംശഹത്യയെയും തുടർ‍ന്ന് ഒരു കോടിയോളം ബംഗ്ലാദേശികൾ ഇന്ത്യയിലേക്ക് അഭയാർത്‍ഥികളായി പലായനം ചെയ്തതും ചരിത്രം. 1979ൽ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തെ തുടർന്ന് അവിടെ നിന്ന് ലക്ഷക്കണക്കിന് ഹിന്ദുക്കളും സിക്കുകാരും ഇന്ത്യയിലഭയം തേടി. ഇന്ന് രണ്ടു ലക്ഷത്തിലേറെ അഫ്ഗാൻ അഭയാർഥികൾ ഇന്ത്യയിലുണ്ട്.

ശ്രീലങ്കൻ തമിഴരുടെ ഇന്ത്യയിലേക്കുള്ള കുടിയേറ്റവും എടുത്തുപറയേണ്ടതാണ്. ശ്രീലങ്കയിൽ തമിഴർക്കു നേരെയുണ്ടായ വംശീയ ഹത്യയും ആഭ്യന്തര കലാപവും മൂലം 1983- 87 കാലഘട്ടത്തിലായിരുന്നു ഇന്ത്യയിലേക്കുള്ള ശ്രീലങ്കൻ തമിഴരുടെ അഭയാർഥി പ്രവാഹം. ശ്രീലങ്കൻ കലാപത്തിൽ ഇന്ത്യ ഇടപെട്ടതിന് ആരാധ്യനായ രാജീവ് ഗാന്ധിയുടെ ജീവനാണ് ബലി കൊടുക്കേണ്ടി വന്നത്. പലായനത്തിൽ ഏറ്റവും പുതിയത് മ്യാന്‍മറിൽ നിന്നുള്ള രോഹിംഗ്യൻ അഭയാർഥികളുടെ ഇന്ത്യയിലേക്കുള്ള പ്രവാഹമാണ്. 1996 മുതൽ‍ മ്യാന്‍മറിൽ അരങ്ങേറുന്ന കലാപങ്ങളും 2012ലെ വംശഹത്യയും ആണ് സ്വന്തം മണ്ണിൽ നിന്ന് രോഹിംഗ്യക്കാരെ പറിച്ചെറിഞ്ഞത്. രോഹിംഗ്യക്കാർ ഇന്ത്യയിൽ‍ ഇന്നും അനധികൃത കുടിയേറ്റക്കാർ തന്നെയാണ്.

യുദ്ധം, മഹാമാരി, പ്രകൃതിക്ഷോഭം, പട്ടിണി തൊഴിലില്ലായ്മ തുടിയവയ്ക്കാണ് ലോക ചരിത്രത്തിൽ‍ പലായനങ്ങൾക്ക് കാരണമായിട്ടുള്ളത്. എന്നാൽ കോവിഡ് കാലത്ത് ഒരാളും ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് അഭയാർഥിയായി പോകുന്നില്ല. കാരണം ഈ രോഗം സർ‍വ വ്യാപിയാണ്. എന്നാൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ മാതൃരാജ്യത്തേക്ക് മടങ്ങാനായി വലിയ കഷ്ട നഷ്ടങ്ങൾ സഹിക്കുന്നു. ഇത്തരത്തിൽ പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ‍ ഇന്ത്യ ഗവൺമെന്റ് ആവിഷ്‌കരിച്ച ‘വന്ദേ ഭാരത്, ‘സമുദ്ര സേതു’ ഓപ്പറേഷനുകൾ തുടരുകയാണ്. എയർ‍ ഇന്ത്യയുടെ നിരവധി വിമാനങ്ങളാണ് ചരിത്രപരമായ ഈ രക്ഷാദൗത്യത്തിനായി ചിറകു വിരിച്ചു പറക്കുന്നത്. ഗൾഫ് യുദ്ധകാലത്ത് ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യക്കാരെ രണ്ടു മാസം കൊണ്ട് നാട്ടിലെത്തിച്ച വിജയകരമായ ദൗത്യത്തിന്റെ പാഠവും നമ്മുടെ മുന്പിലുണ്ട്.

എന്നാൽ ഗൾഫ് യുദ്ധകാലത്ത് മലയാളികളുൾ‍പ്പെടെയുള്ളവരെ നാട്ടിലെത്തിച്ചതോടു കൂടി ആ വലിയ പ്രശ്‌നം പരിഹരിക്കപ്പെട്ടു. പക്ഷേ, കോവിഡ് വ്യാപനകാലത്ത് പ്രവാസികളെ നാട്ടിലെത്തിച്ചു കഴിഞ്ഞാൽ പ്രശ്‌നം അവസാനിക്കുന്നില്ല. മരണങ്ങളേറെയും, രോഗബാധിതർ‍ അനേകവും ഉള്ള ദേശങ്ങളിൽ നിന്നാണ് മലയാളികൾ ജന്‍മനാട്ടിലെത്തുന്നത്. അതിനാൽ അവരെ കർശനമായ ക്വാറന്റൈനിൽ ആക്കിയില്ലെങ്കിൽ മറ്റുള്ളവരിലേക്ക് ശരവേഗത്തിൽ തന്നെ വൈറസ് പരക്കും. ഇതിനോടകം എത്തിയ നിരവധി മലയാളികൾക്ക് അനുദിനമെന്നോണം വൈറസ് ബാധ സ്ഥിരീകരിക്കുന്നുണ്ട്. ഇനി വരാനിരിക്കുന്നവർക്കും കോവിഡ് പോസിറ്റീവ് ആകുവാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കർശന പരിശോധനകൾക്ക് ശേഷമാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെ കേരളത്തിലേയ്ക്ക് കടത്തിവിടുന്നത്.

ഒരു നിമിഷത്തെ അശ്രദ്ധ മൂലം അനേകരിലേക്ക് രോഗം വ്യാപിക്കപ്പെടുമെന്നതാണ് ഈ വൈറസിന്റെ പ്രത്യേകത. അതേ സമയം ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്ന റിപ്പോർ‍ട്ടുകളും ആശങ്ക സൃഷ്ടിക്കുന്നു. ഹേർഡ് ഇമ്മ്യൂണിറ്റിയോട് യോജിപ്പില്ലെന്നും മരണം കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നുമാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞത്. കോവിഡ് ബാധിച്ച് മരിക്കേണ്ടവർ‍ മരിച്ച്, അല്ലാത്തവർ‍ അതിനെ അതിജീവിച്ച്, രോഗം വന്നാൽ ചികിത്സിച്ച് ഭേദമാക്കുന്നതാണ് ഹേർഡ് ഇമ്മ്യൂണിറ്റി.

പലായനത്തിന്റെ ചരിത്രവും അതിന്റെ ദുരന്തങ്ങളുമാണ് പറഞ്ഞുവന്നത്. ഇവിടെ നമുക്ക് കാണാൻ സാധിക്കാത്ത കോവിഡ്-19 എന്ന സൂക്ഷ്മാണുവിന്റെ ദ്രുതഗതിയിലുള്ള പലായനമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂഖണ്ധങ്ങളിൽ നിന്ന് ഭൂഖണ്ധങ്ങളിലേക്ക്, രാജ്യത്തു നിന്ന് രാജ്യങ്ങളിലേക്ക്, വ്യക്തികളിൽ നിന്ന് സമൂഹത്തിലേക്ക് ചെന്നെത്തുന്ന വൈറസിനെതിരെ നിതാന്തമായ ജാഗ്രതയും ക്ഷമയും അച്ചടക്കവുമാണ് ആയുധങ്ങളായി കരുതിവയ്‌ക്കേണ്ടത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed