ഇന്ത്യയിൽ നിന്ന് അരി കയറ്റുമതി നിരോധിച്ചെങ്കിലും യുഎഇയിൽ അരിക്ഷാമം ഉണ്ടാകില്ലെന്ന് അധികൃതർ


ഇന്ത്യയിൽ നിന്ന് അരി കയറ്റുമതി നിരോധിച്ചെങ്കിലും യുഎഇയിൽ അരിക്ഷാമം ഉണ്ടാകില്ലെന്നു എമിറേറ്റ്സ് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്‌ഷൻ. അരി കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ചതിലൂടെ രാജ്യത്ത് അരി ലഭ്യത ഉറപ്പാക്കാൻ സാധിച്ചു. പ്രാദേശിക വിപണിയിൽ ആവശ്യത്തിന് അരി ലഭ്യമാണെന്നു കൺസ്യൂമർ പ്രൊട്ടക്‌ഷൻ കൗൺസിൽ മേധാവി മുഹമ്മദ് ഖലീഫ അൽ മുഹൈരി പറഞ്ഞു.ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനും അരി വില വർധിക്കാതിരിക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് യുഎഇയിൽ നിന്നുള്ള കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയത്. പ്രാദേശിക വിപണിക്ക് ആവശ്യമായ അരി സംഭരണം രാജ്യത്തുണ്ട്. അരിയുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ചത് 4 മാസത്തേക്കുള്ള നടപടി മാത്രമാണ്. അരിയുടെ ശേഖരം ഉറപ്പാക്കാനും വിപണിയിൽ ലഭ്യത ഉറപ്പാക്കാനുമുള്ള നടപടി മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനമാണ് അരി ഉൽപാദനത്തെ ദോഷകരമായി ബാധിച്ചത്. കയറ്റുമതി നിരോധനത്തിന്റെ പേരിൽ അടിസ്ഥാന ഭക്ഷ്യവിഭവമായ അരിയുടെ വില മുൻകൂട്ടി അനുമതി വാങ്ങാതെ വർധിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ വിപണികളിൽ നിരന്തര പരിശോധന നടത്തും. അനധികൃതമായി വില കൂട്ടിയാൽ കച്ചവടക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‌യുഎഇയിലേക്ക് അരി എത്തിക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. യുഎഇ വിപണികളെ സമൃദ്ധവും സജീവവും ആക്കുന്ന അരി ഇനങ്ങളിൽ 50 ശതമാനവും ഇന്ത്യയിൽ നിന്നാണ്. ജൂലൈ 28 മുതലാണ് അരിയുടെ കയറ്റുമതിക്കും പുനർ കയറ്റുമതിക്കും സാമ്പത്തിക മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. ഇന്ത്യൻ അരി മാത്രമല്ല, 1006 എന്ന ഏകീകൃത കസ്റ്റംസ് കോഡിൽ വരുന്ന എല്ലാ തരം അരി ഇനങ്ങളും വിലക്കിന്റെ പരിധിയിൽ വരും. ഈ അരി ഇനങ്ങൾ കയറ്റുമതിയും പുനർ കയറ്റുമതിയും ആവശ്യമുള്ളവർ സാമ്പത്തിക മന്ത്രാലയത്തിൽ പ്രത്യേകം അപേക്ഷ നൽകി അനുമതി വാങ്ങണം എന്നാണ് നിയമം.

article-image

sgd

You might also like

Most Viewed