സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ബ്ലോക് ചെയിൻ സംവിധാനവുമായി ദുബൈ

ദുബൈ : വിനോദസഞ്ചാരികളുടെ സുഗമയാത്രയ്ക്കും സൗകര്യങ്ങൾക്കും സുതാര്യത ഉറപ്പുവരുത്തുന്ന ബ്ലോക്ചെയിൻ സംവിധാനത്തിന് ടൂറിസം വകുപ്പ് നടപടി തുടങ്ങി. ഇടനിലക്കാരില്ലാതെ യാത്ര വ്യക്തമായി ആസൂത്രണം ചെയ്യാനും അനുയോജ്യ ഹോട്ടലുകളിലും മറ്റും കൃത്യമായ നിരക്കു നൽകി താമസിക്കാനും ഈ ഓൺലൈൻ ശൃംഖലയിലൂടെ സാധിക്കും.
ദുബൈയിലെ ടൂറിസം സാധ്യതകൾ മനസിലാക്കാനും നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും കഴിയുമെന്നത് സഞ്ചാരികൾക്ക് കൂടുതൽ സുരക്ഷിതമാകും. ദുബൈയിലെത്തുന്ന സഞ്ചാരികളുടെ എണ്ണമേറുന്നതിനാലാണ് ഇത്തരമൊരു സംവിധാനം. ഒരുഘട്ടത്തിലും വഞ്ചിക്കപ്പെടാതിരിക്കാൻ ഇതു സഹായിക്കും. നിരക്കിലെയും ഇടപാടുകളിലെയും കൃത്യത ഓരോ ഘട്ടത്തിലും പരിശോധിക്കാം.
ഏതെങ്കിലും തരം തിരിമറികൾ ആരെങ്കിലും നടത്തിയാൽ ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും തൽസമയം വിവരങ്ങൾ ലഭ്യമാകും. രാജ്യാന്തര സർക്കാർ ഉച്ചകോടിയിൽ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ട 10 എക്സ് സംരംഭങ്ങളുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്. ഒരുവർഷത്തിനകം ഇതു പൂർത്തിയാകും.
ദുബൈയിലെത്തുന്ന സന്ദർശകരിൽ ഒന്നാംസ്ഥാനം ഇന്ത്യക്കാർക്കാണ്. ഇന്ത്യയിൽ നടക്കുന്ന ടൂറിസം മേളകളിൽ ദുബൈടൂറിസം പ്രതിനിധികളുടെ പങ്കാളിത്തമുണ്ട്. കുറഞ്ഞ ചെലവിൽ ഉല്ലാസത്തിനും ബിസിനസ് യോഗങ്ങൾ സംഘടിപ്പിക്കാനും ഏറ്റവും യോജിച്ച സ്ഥലമാണു ദുബൈ.
ഇന്ത്യയിൽ നിന്നുള്ള കുറഞ്ഞ യാത്രാസമയം, സുരക്ഷിതത്വം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും അനുകൂല ഘടകങ്ങളാണ്. കഴിഞ്ഞവർഷം 21 ലക്ഷം ഇന്ത്യക്കാർ ദുബൈയിൽ എത്തിയതായാണ് കണക്ക്. ഒറ്റവർഷം കൊണ്ട് 20 ലക്ഷത്തിലേറെ സന്ദർശകർ ഒരു രാജ്യത്തു നിന്നെത്തിയതിൽ റെക്കോർഡ് ആണിത്. സന്ദർശകരുടെ എണ്ണത്തിൽ പ്രതിവർഷം 15% വീതം വർദ്ധനയുണ്ട്.