പൊതുമേഖലയിലെ ജോലി ദിവസങ്ങളുടെ എണ്ണം കുറയ്ക്കില്ലെന്ന് സൗദി

സൗദി അറേബ്യയിൽ പൊതുമേഖലയിലെ ജോലി ദിവസങ്ങളുടെ എണ്ണം കുറയ്ക്കാൻ ആലോചനയില്ലെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. ഇത്തരത്തിൽ വരുന്ന മാധ്യമ വാർത്തകൾ തെറ്റാണെന്നും മന്ത്രാലയത്തിന്റെ പ്രതിനിധി സാദ് അൽ ഹമാദ് വ്യക്തമാക്കി. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനും പ്രാദേശികവും അന്തർ ദേശീയവുമായ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനായാണ് നിലവിലെ തൊഴിൽ നിയമങ്ങൾ അവലോകനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ മേഖല കൂടുതൽ ആകർഷകമാക്കുന്നതിനായി നിലവിലെ തൊഴിൽ നിയമങ്ങൾ പഠിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ തൊഴിൽ ദിവസങ്ങൾ വെട്ടിക്കുറച്ചേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്തു വന്നിരിക്കുന്നത്. അടുത്തിടെ യുഎഇയിലെ തൊഴിൽ നിയമങ്ങളിൽ മാറ്റം വരികയും രാജ്യത്തെ സർക്കാർ മേഖലയിലെ തൊഴിൽ ദിവസങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സൗദിയും ഇതേ വഴിയിലേക്കെന്ന റിപ്പോർട്ടുകൾ വന്നത്.
ജനുവരി 1 മുതലാണ് യുഎഇ സർക്കാർ ഓഫീസുകൾ പുതിയ സമയക്രമത്തിലേക്ക് മാറിയത്. വാരാന്ത്യ അവധി ശനി,ഞായർ ദിവസങ്ങളിലേക്ക് മാറ്റി. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയും സര്‍ക്കാര്‍ മേഖലയില്‍ പ്രവർത്തിസമയം ആയിരിക്കും. ഇതോടെ സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിവസങ്ങള്‍ നാലര ദിവസമായി നിശ്ചയിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി യുഎഇ മാറി. പ്രവൃത്തിവാരം തിങ്കളാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയോടെ അവസാനിക്കും. വെള്ളിയാഴ്ച ഉച്ച മുതല്‍ ശനി, ഞായർ വരെ അവധിയായിരിക്കും.