തിരഞ്ഞെടുപ്പിലെ പരാജയം; ചാനൽ ഡിബേറ്റുകൾ ബഹിഷ്‌കരിച്ച് ബിഎസ്പി

ഉത്തർപ്രദേശിൽ തന്റെ പാർട്ടിയെ പരാജയപ്പെടുത്തുക എന്നത് മാധ്യമങ്ങളുടെ അജണ്ടയായിരുന്നുവെന്ന് ബഹുജൻ സമാജ് വാദി പാർട്ടി അധ്യക്ഷ മായാവതി. ബിഎസ്പി മുന്നോട്ടുവെക്കുന്ന അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിച്ചു. ഇത് തന്റെ പാർട്ടിക്ക് തിരിച്ചടിയായെന്ന് മായാവതി പറഞ്ഞു. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ബിഎസ്പി നേതാക്കൾ ടെലിവിഷൻ ഡിബേറ്റുകൾ ബഹിഷ്‌കരിച്ചിരിക്കുകയാണ്.
ബിജെപിയുടെ ബി ടീമാണ് ബിഎസ്പി എന്ന തരത്തിൽ മനഃപൂർവം നടത്തിയ പ്രചരണങ്ങൾ മുസ്ലീം വിഭാഗങ്ങളേയും ബിജെപി വിരുദ്ധരേയും തന്റെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന് മായാവതി കുറ്റപ്പെടുത്തി. അംബേദ്കറൈറ്റ് രാഷ്ട്രീയത്തിനെതിരായ വിദ്വേഷ പ്രചരണങ്ങളാണ് തന്റെ പാർട്ടിയെ ഉത്തർപ്രദേശിൽ പരാജയപ്പെടുത്തിയതെന്നും മായാവതി കൂട്ടിച്ചേർത്തു.
ബിഎസ്പിക്കൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ ഉറപ്പിക്കാൻ കഴിയാത്തത് പാളിച്ചയായി മായാവതി വിലയിരുത്തിയിരുന്നു. ഇത് തങ്ങളെ സംബന്ധിച്ച് നിഷ്ഠുരമായ ഒരു പാഠമാണ്. തങ്ങൾ മുസ്ലീം വിഭാഗത്തെ വിശ്വസിച്ചിരുന്നുവെന്നും ഈ പരാജയത്തിന്റെ പാഠങ്ങൾ മനസിൽ സൂക്ഷിച്ച് തുടർന്ന് പ്രവർത്തിക്കുമെന്നും മായാവതി കൂട്ടിച്ചേർത്തു. മുസ്ലീം വിരുദ്ധ പ്രചരണപരിപാടികളിലൂടെയാണ് ഉത്തർപ്രദേശ് ബിജെപി പിടിച്ചെടുത്തതെന്നും മായാവതി ആരോപിച്ചു.
ബിഎസ്പിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ജനങ്ങൾ കണ്ടത്. 2007ൽ 206 സീറ്റുകൾ നേടിയ ബിഎസ്പി 2022ൽ വെറും ഒരൊറ്റ സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ച ഒരേസമയം ദയനീയവും കൗതുകകരവുമായിരുന്നു.
2017ൽ യോഗി തരംഗത്തിനിടെ ബിഎസ്പി 19 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ ഞെട്ടലോടെയായിരുന്നു രാജ്യം ആ പരാജയത്തെ നോക്കിക്കണ്ടത്. ഇത്തവണ പാർട്ടി നാമാവശേഷമായതോടെ ബിഎസ്പി ഗുരുതരമായ അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. മായാവതി ഉൾപ്പെടെയുള്ളവർക്കെതിരെ നിരന്തരം ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ ബിഎസ്പിയുടെ ആനയ്ക്ക് കൂച്ചുവിലങ്ങിട്ടതോടെ അവർക്ക് ബിജെപിയെ എതിരിടാനുള്ള ശക്തി നഷ്ടപ്പെടുകയായിരുന്നു.