ന്യൂറോ സർജന്റെ കൊലപാതകം: തമിഴ്നാട്ടിൽ ഏഴു പ്രതികൾക്കു വധശിക്ഷ

ചെന്നൈ: തമിഴ്നാട്ടിൽ കുടുംബവഴക്കിനെത്തുടർന്നു പ്രസിദ്ധ ന്യൂറോസർജൻ ഡോ. എസ്.ഡി. സുബ്ബയ്യയെ കൊലപ്പെടുത്തിയ കേസിൽ ഏഴു പ്രതികൾക്കു വധശിക്ഷ. രണ്ടു പ്രതികളെ ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. കേസിൽ ആകെ പത്തു പ്രതികളാണുണ്ടായിരുന്നത്. വധശിക്ഷ ലഭിച്ചവരിൽ രണ്ട് അഭിഭാഷ കരും ഉൾപ്പെടുന്നു. ഒരു പ്രതിയെ പ്രോസിക്യൂഷൻ സാക്ഷിയായതിനെത്തുടർന്നു കുറ്റവിമുക്തനാക്കി. 2013 സെപ്റ്റംബർ 14നായിരുന്നു സുബ്ബയ്യയുടെ കൊലപാതകം.
ഭൂമിതർക്കത്തിന്‍റെ പേരിൽ കുടുംബാംഗങ്ങൾ വാടകഗുണ്ടകളെ ഉപയോഗിച്ചു വീടിനു മുന്നിലിട്ട് ഇദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചു. ഒന്പതു ദിവസത്തിനുശേഷം അദ്ദേഹം ആശുപത്രിയിൽ മരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. ജയിംസ് സതീഷ് കുമാർ, ഗുണ്ടാസംഘാംഗങ്ങളായ മുരുകൻ, ശെൽവപ്രകാശ്, അയ്യപ്പൻ, അധ്യാപകനായ പൊന്നുസ്വാമി, ഇയാളുടെ ഭാര്യ മേരി പുഷ്പം, മക്കളായ പി. ബേസിൽ, പി. ബോറിസ്, യേശുരാജൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു പിന്നാലെ ഒളിവിൽപോയ പ്രധാന പ്രതിയും അഭിഭാഷകനുമായ ബി. വില്യംസ് അഞ്ചു വർഷത്തിനുശേഷം കോടതിയിൽ കീഴടങ്ങി. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലെ ഒരു ഭൂമിയുടെ പേരിൽ സുബ്ബയ്യയും ഇയാളുടെ അകന്ന ബന്ധുവായ പൊന്നുസ്വാമിയും തമ്മിൽ ഉടലെടുത്ത തർ ക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു മാപ്പുസാക്ഷിയായ അയ്യപ്പൻ പോലീസിനു മൊഴി നൽകിയിരുന്നു.