ബക്രീദ് ഇളവുകള്‍ക്കെതിരായ ഹര്‍ജിയിൽ കേരളം ഇന്നുതന്നെ മറുപടി നല്‍കണമെന്ന് സുപ്രിംകോടതി


ന്യൂഡൽഹി: കേരളത്തില്‍ പെരുന്നാള്‍ ഇളവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. ഇന്നുതന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സ്റ്റാന്റിംഗ് കൗണ്‍സലിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. വിഷയം നാളെ ആദ്യകേസായി പരിഗണിക്കുമെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ കേരളത്തിലാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. വ്യവസായിയായ ന്യൂഡല്‍ഹി സ്വദേശി പി കെ ഡി നമ്പ്യാര്‍ ആണ് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കിയത്. ബക്രീദിനോടനുബന്ധിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കടകള്‍ എല്ലാം തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. മൂന്നാം തരംഗം പടിവാതിലില്‍ എത്തിനില്‍ക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് വ്യാപക വിമര്‍ശനം.

You might also like

Most Viewed