കർണാടകയിൽ ഇന്ന് 9,579 പേർക്ക് കോവിഡ്; അനിവാര്യമെങ്കിൽ ലോക്ക് ഡൗണെന്ന് മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. തിങ്കളാഴ്ച 9,579 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,767 പേർ രോഗമുക്തി നേടുകയും 52 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 10,74,869 ആയി. ഇതുവരെ 9,85,924 പേർ രോഗമുക്തി നേടുകയും 12,941 പേർ മരിക്കുകയും ചെയ്തു. അനിവാര്യ സാഹചര്യം ഉടലെടുത്താൽ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന ജില്ലകളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയ കാര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
ജനങ്ങൾ സഹകരിക്കാൻ തയാറായില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "ജനങ്ങൾ അവരുടെ നല്ലതിനായ് പ്രതികരിക്കേണ്ടതുണ്ട്. അവർ സഹകരിക്കാൻ തയാറായില്ലെങ്കിൽ ഞങ്ങൾക്ക് കർശനമായ നടപടികൾ കൈക്കൊള്ളേണ്ടതായി വരും. അവർ അതിന് ഇടവരുത്തരുത്, ജനങ്ങൾ സഹകരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അനിവാര്യമായ സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ ഞങ്ങൾ ലോക്ഡൗൺ ഏർപ്പെടുത്തും.'− യെദിയൂരപ്പ പറഞ്ഞു.