കൊറോണ വ്യാപനം; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേന്ദ്ര സർക്കാർ ഇറക്കുന്ന മാർഗ രേഖ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾ വീഴ്ച്ച വരുത്തുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൊറോണ സ്ഥിതി മോശത്തിൽ നിന്നും കൂടുതൽ മോശമാകുകയാണെന്നും കടുത്ത നടപടികൾ വേണമെന്നും കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. രാഷ്ട്രീയം മറന്ന് സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കണം. കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗം കൂടുതൽ. കൊറോണ വാക്‌സിനുകൾ തയ്യാറാകുന്നത് വരെ പ്രതിരോധ നടപടികളിൽ വീഴ്ച്ച വരുത്തരുതെന്നും കോടതി വ്യക്തമാക്കി.
രാജ്യത്ത് പലയിടത്തും ഉത്സവങ്ങൾ നടക്കുകയാണ്. എന്നാൽ 80 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ല. ചിലർ മാസ്‌ക് താടിയിൽ തൂക്കി നടക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. അതേസമയം കേരളം ഉൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം ഗുരുതരമാണെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കൊറോണ രോഗികളിൽ 14.7 ശതമാനം പേരും കേരളത്തിൽ നിന്നാണെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികൾ ചികിത്സയിലുള്ളതെന്നും ഡൽഹി സർക്കാർ രോഗവ്യാപനം തടയുന്നതിനായി ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.