മുഖം നഷ്ടപ്പെട്ട രേഷ്മയുടെ ബ്യൂട്ടി ടിപ്സ് വൈറലാകുന്നു...

ആസിഡ് ആക്രമണത്തിൽ മുഖം നഷ്ടപ്പെട്ട അലഹബാദ് സ്വദേശിനി രേഷ്മയുടെ ബ്യൂട്ടി ടിപ്സ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ചുവന്ന ചുണ്ടുകൾ എങ്ങനെ സ്വന്തമാക്കാം എന്ന ചോദ്യത്തോടെയാണ് രേഷ്മയുടെ വിഡിയോ ആരംഭിക്കുന്നത്. ലിപ്സ്റ്റിക് നിങ്ങൾക്ക് മാർക്കെറ്റിലെവിടെയും വാങ്ങാൻ കിട്ടും ആസിഡ് വാങ്ങുന്നതു പോലെ...അതുകൊണ്ടാണ് ഓരോ ദിവസവും ഓരോ പെൺകുട്ടികൾ വീതം ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്.
18 വയസുള്ള ഏതൊരു പെൺകുട്ടിയെയയും പോലെ രേഷ്മയും സൗന്ദര്യ സംരക്ഷണവും വിഡിയോ മെയ്ക്കിങ്ങുമെല്ലാം ഏറെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ വിഡിയോയുടെ അവസാനം നമ്മൾക്കു മനസിലാകും ഇതൊരു കൗതുകം മാത്രമല്ല ഓർമപ്പെടുത്തൽ കൂടിയാണെന്ന്. ഇന്ത്യൻ അവയർനെസ് ഓർഗനൈസേഷന്റെ പ്രചാരണ പരിപാടിയായ ''മേക്ക് ലൗ നോട്ട് സ്കയേഴ്സ്'' ആണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.
2014 മേയിലായിരുന്നു രേഷ്മയുടെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം. അന്നു പതിവുപോലെ അവൾ സ്കൂളിലേക്ക് പോകുകയായിരുന്നു. അതിനിടയിലാണ് സഹോദരീ ഭർത്താവും കൂട്ടുകാരും ചേർന്ന് സൾഫ്യൂരിക് ആസിഡ് അവളുടെ മുഖത്തേക്കൊഴിച്ചത്. ഇതോടൊപ്പം വാടിക്കരിഞ്ഞത് മുഖം മാത്രമല്ല ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു.ആക്രമണത്തിൽ ഒരു കണ്ണ് പൂർണ്ണമായും തകര്‍ന്നു. മറ്റേ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. ഇനിയും തുടർച്ചയായി സർജറികൾ ചെയ്യേണ്ടതുണ്ട്.
ഇന്ത്യാ ഗവൺമെന്റിനോട് ആസിഡ് വിൽപന നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണ പരിപാടിയായ ''മേക്ക് ലൗ നോട്ട് സ്കയേഴ്സിന്റെ പെറ്റിഷനിൽ സൈൻ ചെയ്ത് ഭാഗമാകാൻ കാണികളോട് അഭ്യർത്ഥിക്കുന്നതോടെ വിഡിയോ പൂർണമാകുന്നു.
രണ്ടു മിനിട്ട് ദൈർഘ്യമുള്ള രേഷ്മയുടെ വിഡിയോ ഇപ്പാൾ തന്നെ പതിനായിരത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.