ഔദ്യോഗിക യോഗത്തിനിടെ ഉദ്യോഗസ്ഥയുടെ ഗെയിം കളി: വീഡിയോ പുറത്തായി


ധർമ്മപുരി: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിടെ ഉദ്യോഗസ്ഥയുടെ ഗെയിം കളി. തമിഴ്‌നാട് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ എസ്. കവിതയാണ് യോഗവേദിയിൽ കാന്‍ഡി ക്രഷ് സാഗ കളിച്ചു കൊണ്ടിരുന്നത്.
തന്റെ പ്രകടനം റെക്കോഡ് ചെയ്യപ്പെട്ടിരുന്നത് കവിത അറിഞ്ഞിരുന്നില്ല. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ്.വിവേകാനന്ദത്തിന്റെ തൊട്ടടുത്തുതന്നെ ഇരുന്നിരുന്ന കവിത യോഗ നടപടികളൊന്നും ശ്രദ്ധിക്കാതെ ഗെയിമില്‍ മുഴുകിയിരിക്കുന്നത് വീഡിയോയില്‍ കാണാം. ഗെയിം കളി സദസിലുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ മൊബൈല്‍ ഫോണ്‍ ഡെസ്‌കിനടിയില്‍ പിടിച്ചാണ് കവിത ഇരുന്നത്.തന്റെ തൊട്ടടുത്തായിരുന്നിട്ടും കവിതയുടെ പ്രവൃത്തി കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
കടുത്ത വരള്‍ച്ച നേരിടുന്ന ധര്‍മപുരി ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് കലക്ടര്‍ വെള്ളിയാഴ്ച യോഗം വിളിച്ചു ചേര്‍ത്തത്. കവിതയുടെ കുട്ടിക്കളിയുടെ വാർത്ത പുറത്ത് വന്നതോടെ പ്രശ്‌ന പരിഹാരത്തിനെത്തിയ തങ്ങളെ ഗെയിം കളിച്ച് ഉദ്യോഗസ്ഥ അപമാനിക്കുകയായിരുന്നുവെന്ന് കര്‍ഷക നേതാക്കൾ ആരോപിച്ചു.
ഗെയിം കളിക്കുന്നതിന്റെ വീഡിയോ വൈറലാവുകയും ഓഫീസറുടെ നടപടിക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തതോടെ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Prev Post
വിമാനത്തിലെ ഭക്ഷണത്തില്‍ കുപ്പിച്ചില്ല്
Next Post