ഉംപുൺ വൈകിട്ടോടെ സൂപ്പർ സൈക്ലോണായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ബെംഗളുരു: ഉംപുൺ എന്ന ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പർ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പ്രതീക്ഷിച്ചതിലും വേഗത്തിൽ, അതിശക്തമായി ഇന്ത്യൻ തീരത്തേക്ക് ഉംപുൺ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൂട്ടൽ. നിലവിൽ മണിക്കൂറിൽ 260 കിലോമീറ്ററാണ് കടലിൽ ഉംപുണിന്‍റെ വേഗത. ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ഒരു ശക്തിയേറിയ ചുഴലിക്കാറ്റിന്‍റെ ഭീഷണി കൂടി രാജ്യം നേരിടുന്നത്.
ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റർ തെക്കും പശ്ചിമബംഗാളിന്‍റെ ദിഖയുടെ 1110 കിലോമീറ്റർ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോൾ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 200 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമുണ്ടാകും.