ചായക്കടയിൽ കൊറോണയെപ്പറ്റി വാക്കുതർക്കം: യുവാവ് കുത്തേറ്റു മരിച്ചു

ഊട്ടി: ചായക്കടയിൽ കൊറോണയെപ്പറ്റി രണ്ടുപേർ തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. ഊട്ടി ചന്തയിൽ ചുമട്ടുതൊഴിലാളിയായ ഊട്ടി നൊണ്ടിമേട് സ്വദേശി ജ്യോതിമണിയാണ് (44) കൊല്ലപ്പെട്ടത്. ഊട്ടിയിൽ ബേക്കറി തൊഴിലാളിയായ പാലക്കാട് സ്വദേശി ദേവദാസാണ് (40) അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊട്ടി ചന്തയ്ക്ക് മുന്നിലുള്ള ചായക്കടയിലാണ് സംഭവം. ഇരുവരും ചായകുടിക്കാനെത്തിയതായിരുന്നു. അതിനിടെ, കൊറോണയെപ്പറ്റി ഇരുവരും ചർച്ചചെയ്യുകയും പെട്ടെന്ന് വാക്കുതർക്കമുണ്ടാവുകയും ചെയ്തു.
അതിനിടെ, ചായക്കടയുടെ മുന്നിൽ പച്ചക്കറി മുറിക്കാൻ വെച്ച കത്തി ഉപയോഗിച്ച് ദേവദാസ് ജ്യോതിമണിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജ്യോതിമണി ആശുപത്രിയിൽ കൊണ്ടുപോകും വഴി മരിച്ചു. ദേവദാസിനെ പോലീസ് അറസ്റ്റുചെയ്തു.