രജനീകാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്; രാഷ്ട്രീയ പാർട്ടി ഏപ്രിലിൽ..?

ചെന്നൈ: തമിഴ്സൂപ്പർ താരം രജനീകാന്ത് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏപ്രിൽ 14ന് ശേഷം പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് രജനിയുടെ രാഷ്ട്രീയ ഉപദേശകരിലൊരാളായ തമിഴരുവി മണിയൻ ഒരു ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി. അണ്ണാ ഡിഎംകെയിൽ നിന്ന് പ്രധാന നേതാക്കൾ രജനിക്കൊപ്പം എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഗസ്റ്റിലായിരിക്കും പാർട്ടിയുടെ ആദ്യ സമ്മേളനം. സെപ്‌തംബറിൽ രജനി സംസ്ഥാന ജാഥ നടത്തും. ശേഷം തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രചാരണ പ്രവർത്തനങ്ങളിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്ലാണ് രജനീകാന്ത് രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. പാട്ടാളി മക്കൾകക്ഷി രജനിയുടെ പാർട്ടിയുമായി സഖ്യത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. തമിഴ്നാട്ടിലെ ജാതി കേന്ദ്രീകൃത പാർട്ടിയാണ് പാട്ടാളി മക്കൾകക്ഷി. രജനി പാർട്ടി പ്രഖ്യാപിച്ചാൽ ആ പാർട്ടിയിൽ ലയിക്കുമെന്ന് പുതിയ നീതി പാർട്ടി നേതാവ് എസി ഷൺമുഖം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പക്ഷേ കമൽഹാസന്റെ മക്കൾ നീതിമയ്യവും സഖ്യത്തിലുണ്ടായേക്കും. വേറെയും പാർട്ടികളെ കൂടെക്കൂട്ടി മഴവിൽ സഖ്യമായി അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രജനിയുടെ പദ്ധതി.