പഞ്ചാബിൽ ഘോഷയാത്രയ്ക്കിടെ പടക്കം സൂക്ഷിച്ച വാഹനത്തിൽ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു

അമൃത്‌സർ: പഞ്ചാബിലെ തറൻ താറനിൽ മത ഘോഷയാത്രയ്ക്കിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടു മരണം. പതിനാലു പേർക്കു പരുക്കേറ്റതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പഹു ഗ്രാമത്തിൽ ‘നഗർ കിർത്തൻ’ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. പടക്കം പൊട്ടിക്കുന്നതിനിടെ സമീപത്തു പടക്കങ്ങള്‍ സൂക്ഷിച്ച ട്രാക്ടർ ട്രോളിയിൽ തീപ്പൊരി വീഴുകയായിരുന്നു.
മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. പടക്കം പൊട്ടിച്ചു കൊണ്ടിരുന്ന പതിനെട്ടിനും ഇരുപതിനുമിടയിൽ പ്രായമുള്ളവരാണ് മരിച്ചവരിലേറെയുമെന്നാണ് സൂചന. പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളിലേക്ക് തീ പടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് സാധ്യമായ മികച്ച ചികിത്സ ഉറപ്പാക്കാൻ തറൻ താറൻ ഡപ്യൂട്ടി കമ്മിഷണർക്കു നിർദേശം നൽകി. വിശദമായ അന്വേഷണം നടത്താൻ സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി.