മംഗളൂരു വെടിവെപ്പ്; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം ഇപ്പോഴില്ല, പിൻവലിഞ്ഞ് യെദിയൂരപ്പ

മംഗളൂരു: മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന കാര്യത്തിൽ നിന്നും പിൻവലിഞ്ഞ് കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ ധനസഹായത്തിൽ തീരുമാനമെടുക്കു എന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ജലീലും നൗഷീനും മംഗളൂരുവിൽ സംഘർഷമുണ്ടാക്കിയ കേസിൽ പ്രതികളാണ്. ഇരുവരുടെയും കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന് യെദിയൂരപ്പ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ധനസഹായം നൽകരുതെന്ന് ബിജെപി എംഎൽഎ ബസവനഗൗഡ യെത്നാൽ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം പൗരത്വ ഭേതഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ കൂടുതൽ പേർക്ക് വെടിയേറ്റെന്ന് സ്ഥീരീകരിച്ചു. പോലീസ് നടപടിയിൽ ഗുരുതരമായി പരിക്കേറ്റ് പതിനഞ്ച് പേരാണ് മംഗളൂരുവിലെ വിത്യസ്ഥ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ ആറുപേർക്ക് വെടിയേറ്റാണ് പരിക്കേറ്റതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
വെടിയുണ്ട ശരീരത്തിൽ തുളച്ച് കയറിയവരും വെടിയേറ്റ് കൈപ്പത്തിയും തോളെല്ലും തകർന്നവരും കൂട്ടത്തിലുണ്ട്. മംഗളൂരു മുൻ മേയർ കെ.അഷ്റഫിന് തലയ്ക്കാണ് വെടിയേറ്റത്. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. എത്ര പേർക്ക് വെടിയേറ്റെന്നും എത്ര റൗണ്ട് വെടിവെച്ചെന്നും വ്യക്തമാക്കാൻ കർണാടക പോലീസ് ഇതുവരേയും തയ്യാറായിരുന്നില്ല, ഇതിനിടയിലാണ് വെടിയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ പുറത്ത് വരുന്നത്.