രാഹുലിന്റെ വിജയത്തിന് കാരണം നിരത്തി ഒവൈസി

ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ വിജയിക്കാൻ കാരണം 40 ശതമാനം വരുന്ന മുസ്ലീം വോട്ടുകളാണെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട് അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു ഒവൈസിയുടെ പരാമർശം.
രാഹുൽ അമേഠിയിൽ പരാജയപ്പെടുകയും വയനാട്ടിൽ വിജയിക്കുകയും ചെയ്തു. ഇത് വയനാട്ടിലെ 40 ശതമാനം മുസ്ലീം ജനസംഖ്യ കാരണമല്ലേ എന്നായിരുന്നു ഒവൈസിയുടെ ചോദ്യം.
1947 ആഗസ്റ്റ് 15 ന് ഞങ്ങളുടെ കാരണവന്മാർ കരുതിയത് ഇതൊരു പുതിയ ഇന്ത്യയാകുമെന്നാണ്. ആ ഇന്ത്യ ആസാദിന്റെയും ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും അവരുടെ കോടിക്കണക്കിന് അണികളുടേയും ആകുമെന്ന് കരുതി. ഞങ്ങളുടെ സ്ഥാനം ഞങ്ങൾക്ക് കിട്ടുമെന്ന് എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങൾക്ക് ആരുടേയും ദാനം ആവശ്യമില്ല. നിങ്ങളുടെ ദാനത്താൽ ഞങ്ങൾക്ക് അതിജീവിക്കണ്ട.
കോൺഗ്രസിൽ നിന്നോ മറ്റ് മതേതര പാർട്ടികളിൽ നിന്നോ നിങ്ങൾ പിൻവാങ്ങേണ്ട. പക്ഷെ അവർക്ക് കരുത്തില്ല, ദിശാബോധമില്ല, അവർ ശക്തമായി ഇടപെടുന്നില്ല. എവിടെയാണ് ബി.ജെ.പി പരാജയപ്പെട്ടത്? പഞ്ചാബിൽ. അവിടെ ആരാണുള്ളത്? സിക്കുകാർ. എന്തുകൊണ്ടാണ് ബി.ജെ.പി ഇന്ത്യയിൽ മറ്റ് ചില ഇടങ്ങളിലും പരാജയപ്പെട്ടത്? അവിടങ്ങളിൽ കോൺഗ്രസുള്ളത് കാരണമല്ല. അതിന് കാരണം പ്രാദേശിക പാർട്ടികളാണ്- ഒവൈസി വ്യക്തമാക്കി.
4,31,063 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് രാഹുൽ വയനാട്ടിൽ വിജയിച്ചത്. അതേ സമയം രാഹുലിന്റെ സ്ഥിരം തട്ടകമായിരുന്ന അമേഠിയിൽ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെട്ടിരുന്നു.