ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു


ന്യൂഡൽഹി: ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക് അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന്‍റെ പശ്ചാലത്തലത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ, ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും യോഗത്തിൽ പങ്കെടുത്തു. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യോഗത്തിലുണ്ടായിരുന്നു. 

ഇന്ത്യ എങ്ങനെയാണ് ആക്രമണങ്ങൾ നടത്തിയതെന്ന വിശദാംശങ്ങൾ ഉന്നതതലയോഗത്തിൽ വിശദീകരിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെയും അജിത് ദോവലിന്‍റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് ആക്രമണം നടന്നത്. പുൽവാമ ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡൽഹിയിൽ മോദിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ തിരിച്ചടിക്കാൻ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞു. തുടർന്നാണ് വ്യോമാതിർത്തി ലംഘിച്ച് ഭീകരക്യാംപുകൾ ആക്രമിച്ച് തിരിച്ച് വരാൻ തീരുമാനമെടുത്തത്.

article-image

യോഗത്തിന് പിന്നാലെ  പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവുമായും കൂടിക്കാഴ്ച നടത്തി. പുലർച്ചെ നടന്ന മിന്നലാക്രമണത്തിന്റെ വിശദവിവരങ്ങൾ പ്രധാനമന്ത്രി ഇരുവരെയും അറിയിച്ചു. ഡൽഹിയിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി രാഷ്ട്രപതിയുമായും ഉപരാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തിയത്.

അതിനിടെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിൽ സർവ്വകക്ഷിയോഗം വിളിച്ചു. വൈകിട്ട് അഞ്ചുമണിക്കാണ് എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തിരിക്കുന്നത്. 

അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കരസേന, വ്യോമസേന മേധാവികളുമായി കൂടിക്കാഴ്ച നടത്തി. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed