കാ­ർത്തി­ ചി­ദംബരം അറസ്റ്റി­ൽ


ചെന്നൈ : ഐ.എൻ.എക്സ് മീഡിയ കേസിൽ പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചിദംബരത്തിന്‍റെയും മകന്‍റെയും  വസതികളിലും ഒാഫീസിലും നടത്തിയ പരിശോധനയിൽ‍ കാർ‍ത്തിക്കെതിരെ മതിയായ തെളിവുകൾ‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഐ.എൻ.എക്സ് മീഡിയ കന്പനിയുടെ സാന്പത്തിക ക്രമക്കേഡുകളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ 10 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. കാർത്തി ചിദംബരത്തെ സി.ബി.ഐ ഡൽഹിയിലെത്തിച്ച് ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞവർ‍ഷം മെയിലാണ് കാർ‍ത്തിയെയും ഐ.എൻ.എക്സ് മീഡിയാ കന്പനി ഉടമകളായ ഇന്ദ്രാണി മുഖർ‍ജി, പീറ്റർ‍ മുഖർ‍ജി എന്നിവരെ പ്രതിയാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കെസെടുത്തത്. 2007ൽ‍ ചിദംബരം ധനമന്ത്രിയായിരുന്നപ്പോൾ‍ മന്ത്രാലയത്തിലെ സ്വാധീനം ഉപയോഗിച്ച് ചട്ടങ്ങൾ‍ മറികടന്ന് ഐ.എൻ.എക്സ് മീ‍‍ഡിയാ കന്പനിക്ക് 305 കോടിയുടെ വിദേശനിക്ഷേപത്തിന് വഴിയൊരുക്കിയെന്നാണ് കാർ‍ത്തിക്കെതിരെയുള്ള കേസ്. ഇതിനായി കന്പനിയിൽ‍ നിന്ന് കാർ‍ത്തി ചിദംബരം പത്ത്ലക്ഷം രൂപ കോഴവാങ്ങിയെന്നും സി.ബി.ഐ ആരോപിക്കുന്നു. ലണ്ടൻ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ കാർത്തി ചിദംബരത്തെ ചെന്നൈ വിമാനത്തിൽ വെച്ചാണ് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. നീരവ് മോദിയുടെ 12,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.ബി.ഐ നാടകമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

ഐ.എൻ.എക്സ് മീഡിയ കേസിൽ നേരത്തെ പി.ചിദംബരത്തിന്‍റെയും കാർത്തി ചിദംബരത്തിന്റെയും വീടുകളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കാർത്തി ചിദംബരം ഐ.എൻ.എക്സ് മീഡിയയിൽ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയതിനുള്ള വൗച്ചർ സി.ബി.ഐക്ക് കിട്ടി. 4 കോടി 62 ലക്ഷം രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനാണ് ചിദംബരം ധനമന്ത്രിയായിരിക്കെ എഫ്.ഐ.പി.ബി ഐ.എൻ.എക്സ് മീഡിയക്ക് അനുമതി നൽകിയത്. എന്നാൽ 305 കോടി വിദേശനിക്ഷേപമായി സ്വീകരിച്ച കന്പനി ഓഹരി വിലയിലും കൃത്രിമം കാട്ടി. 

സാന്പത്തിക തിരിമറിയെ കുറിച്ചുള്ള ആദായനിതുകി വകുപ്പിന്‍റെ അന്വേഷണം പി. ചിദംബരത്തെ സ്വാധീനിച്ച് അട്ടിമറിക്കാനാണ് കാർത്തി ചിദംബരം 10 ലക്ഷം രൂപ വാങ്ങിയതെന്നാണ് സി.ബി.ഐ പറയുന്നത്. കാർത്തി ചിദംബരത്തിന്‍റെ ചാർ‍ടേഡ് അക്കൗണ്ടന്‍റായ എസ്. ബാസ്കരരാമനെ കഴിഞ്ഞ 16ന് ഡൽഹിയിൽ വെച്ച് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കേന്ദ്ര സർക്കാർ സി.ബി.ഐയെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുകയാണെന്നാണ് മകന്‍റെ അറസ്റ്റിനെ കുറിച്ച് പി. ചിദംബരം പ്രതികരിച്ചത്.

You might also like

Most Viewed