ശ്രീ­ദേ­വി­ക്ക് ബോ­ളി­വു­ഡി­ന്‍റെ­ അന്ത്യാ­ഞ്ജലി­


മുംബൈ : ചലച്ചിത്രതാരം ശ്രീദേവിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ.  അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ധവാല കോംപ്ലക്സിന് സമീപമുള്ള സെലിബ്രേഷൻസ് ക്ലബിലാണ്  മൃതദേഹം പൊതുദർശനത്തിനുവെച്ചത്. സിനിമ ലോകത്തെ നിരവധി പ്രമുഖരും ക്ലബ്ബിലെത്തി ആദരാഞ്ജലി അർപ്പിച്ചു. മജന്തയും ഗോൾ‍ഡും നിറങ്ങളിൽ‍ കാഞ്ചീവരം സാരി പുതപ്പിച്ചാണ് പ്രിയനായികയുടെ ഭൗതികശരീരം. പൂക്കളാൽ‍ അലങ്കരിച്ചിട്ടുമുണ്ട്. മാധ്യമങ്ങൾ‍ക്ക് പൊതുദർ‍ശനം നടക്കുന്ന ഹാളിലേക്ക് പ്രവേശനമില്ല. പല സഹതാരങ്ങളും വിങ്ങിപ്പൊട്ടിയാണ് ഹാൾ‍ വിട്ടിറങ്ങിയത്. നടിമാരായ ജയപ്രദ,  ജയാ ബച്ചൻ‍,  ഐശ്വര്യറായ്,  കാജൽ‍,  സുസ്മിത സെൻ, വിദ്യ ബാലൻ,  നടന്മാരായ സഞ്ജയ് ഖന്ന, അർ‍ബാസ് ഖാൻ തുടങ്ങിയവരും കുമാരമംഗലം ബിർള, അനിൽ അംബാനി തുടങ്ങിയ വ്യവസായപ്രമുഖരും  ആദരാഞ്ജലി അർ‍പ്പിച്ചു. ഇഷ്ടനായികയെ അവസാനമായി കാണാനുള്ള ആരാധകരുടെ ശ്രമം പലപ്പോഴും നിയന്ത്രണങ്ങൾ‍ ലംഘിച്ചു.  ‌മുംബൈയിലെ വിമാനത്താവളത്തിൽ‍ ഇന്നലെ രാത്രി എത്തിച്ച മൃതദേഹം ശ്രീദേവിയുടെ ഭർ‍ത്താവ് ബോണി കപൂറും സഹോദരൻ അനിൽ‍ കപൂറും മക്കളും ചേർ‍ന്നാണ് ഏറ്റുവാങ്ങിയത്. 

ലോഖണ്ധ് വാലയിലെ ഗ്രീൻ ഏക്കേഴ്സ് സമുച്ചയത്തിലെ വസതിയിൽ‍ നിന്ന് ഇന്ന് രാവിലെ 9.30ഓടെയാണ് മൃതദേഹം സെലിബ്രേഷൻസ് സ്പോർട്സ് ക്ലബ്ബിൽ‍ എത്തിച്ചത്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും അടുത്ത ബന്ധുക്കൾ‍ മൃതദേഹത്തെ അനുഗമിച്ചു. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി മൃതദേഹം സെലിബ്രേഷൻ‍സ് ക്ലബ്ബിൽ‍ നിന്ന് സംസ്കാരം നടക്കുന്ന വിലെ പാർ‍ലെ സേവാ സമാജ് ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അടുത്ത ബന്ധുക്കൾ‍ക്കും സുഹൃത്തുക്കൾ‍ക്കും മാത്രമാണ് സംസ്കാര ചടങ്ങുകളിൽ‍ പ്രവേശനം അനുവദിച്ചിരുന്നത്.

You might also like

Most Viewed