യു.പിയിൽ പ്രസവ ശുശ്രൂഷാ മുറിയുടെ മേൽക്കൂര തകർന്നു വീണു

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിൽ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ ശുശ്രൂഷാ മുറിയുടെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് ഒരു സ്ത്രീക്കും നഴ്സിനും പരിക്ക് പറ്റി. ഷാമലി നഗരത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. അപകടത്തില്‍ നിന്ന് മുറിയിലുണ്ടായിരുന്ന നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു.
സന്ദീപ് എന്നയാളുടെ ഭാര്യ പ്രിറ്റിയുടെ പ്രസവ ശുശ്രൂഷ നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. പ്രീതിയുടെ പ്രസവം കഴിഞ്ഞ് ഇവരെ ലേബര്‍ റൂമില്‍ തന്നെ കിടത്തിയിരിക്കുകയായിരുന്നു. ഈ സമയം മേല്‍ക്കൂര ഇടിഞ്ഞ് താഴേക്ക് പതിച്ചു. അപകടത്തില്‍ പ്രീതിക്കും ഇവരെ പരിചരിച്ച നഴ്സിനും പരിക്കേറ്റു. എന്നാല്‍ പ്രീതിയുടെ കുട്ടിക്ക് പരിക്കേറ്റില്ല.