കോഹിനൂര്‍ രത്‌നം: അവകാശവാദത്തിനില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോഹിനൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ലെന്ന് കേന്ദ്രം. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോഹിനൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതോ ബലംപ്രയോഗിച്ച് തട്ടിയെടുത്തതോ അല്ലെന്നും ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മഹാരാജാ രഞ്ജിത് സിങ് സമ്മാനിച്ചതാണെന്നും അത് ഇംഗ്ലണ്ട് കൈവശം വെക്കട്ടെയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ വിലമതിക്കുന്ന വസ്തുക്കള്‍ തിരികെ പിടിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ഹ്യൂമന്‍ റൈറ്റ്‌സ് അന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് ഫ്രണ്ട് സമര്‍പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടീഷുകാരുടെ പക്കലുള്ള കോഹിനൂര്‍ രത്‌നവും ടിപു സുല്‍ത്താന്റെ വാളും മോതിരവുമടക്കമുള്ള പുരാവസ്തുക്കള്‍ തിരിച്ചുവാങ്ങണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
20 കോടി ഡോളര്‍ (ഏകദേശം 1300 കോടി രൂപ) വിലമതിക്കുന്ന 105 കാരറ്റ് വജ്രമായ കോഹിനൂര്‍ 1850ല്‍ വിക്ടോറിയ രാജ്ഞി കൈവശപ്പെടുത്തിയിരുന്നു. പഞ്ചാബ് ഭരണാധികാരിയായിരുന്ന മഹാരാജാ രഞ്ജിത് സിങ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയതാണ് ഇതെന്നും അത് തിരികെ ആവശ്യപ്പെട്ടുള്ള കേസൊന്നും നിലവിലില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ കക്ഷിയായ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയില്ല. തുടര്‍ന്ന് ആറ് ആഴ്ച്ചയ്ക്കകം വശദമായ മറുപടി നല്‍കണമെന്ന് കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി.
കോഹിനൂര്‍ രത്‌നം തിരികെ തരുന്ന പ്രശ്‌നമില്ലെന്ന് 2013ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.