തങ്ങളുടെ മകന്‍ നിരപരാധിയാണ്: ഹമീദ് അന്‍സാരിയുടെ അമ്മ

മുംബൈ: മൂന്നു വര്‍ഷം മുന്‍പ് പാക്കിസ്ഥാനില്‍ വച്ച് കാണാതായ ഹമീദ് നെഹല്‍ അന്‍സാരി പാക് സൈന്യത്തിന്‍റെ കസ്റ്റഡിയില്‍ ഉണ്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മാതാപിതാക്കളായ നിഹാലും ഫൗസിയ അന്‍സാരിയും കേട്ടത്. അഫ്ഗാനില്‍ ജോലി തേടിയാണ് ഐടി എന്‍ജിനീയറായ ഹമീദ് പോയത്. തുടര്‍ന്ന് യാതൊരു വിവരവും ലഭിച്ചില്ല.
തന്‍റെ മകനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി മുട്ടാത്ത വാതിലുകള്‍ ഇല്ലെന്ന് മാതാപിതാക്കള്‍. കഴിഞ്ഞ ദിവസമാണ് ഹമീദ് സൈന്യത്തിന്‍റെ കസ്റ്റഡിയിലുള്ള വിവരം പാക് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. പ്രതിരോധ മന്ത്രാലയത്തിനുവേണ്ടി ഡെപ്യൂട്ടി അറ്റോണി ജനറല്‍ മുസറത്തുല്ലയാണ് ഇക്കാര്യം പെഷവാര്‍ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ സൈനിക കോടതിയില്‍ വിചാരണ നടക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
എന്നാല്‍ തങ്ങളുടെ മകന്‍ നിരപരാധിയാണെന്നും പാക് സര്‍ക്കാരും സൈന്യവും കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇവര്‍ പറഞ്ഞു. നിരപരാധിയാണെന്ന് കണ്ടെത്തിയിട്ടും നാലു വര്‍ഷമായി ജയിലില്‍ അടച്ചിട്ടിരിക്കുകയാണ്. എത്രയും വേഗം തന്‍റെ മകനെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഇവര്‍ ആവശ്യപ്പെട്ടു.
എന്‍ജിനീയറായ ഹമീദ് 2012 നവംബറില്‍ അഫ്ഗാനില്‍ ജോലിതേടി പോയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കൊഹാത്തിലെ പെണ്‍കുട്ടിയെ കാണാനായാണ് ഇയാള്‍ അഫ്ഗാന്‍ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്ക് കടന്നത്. കൊഹാത്തിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍ 2012 നവംബറില്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചത്.