അമേരിക്കകാരിയാകാൻ സമ്മറിന്റെ സ്വന്തം മഴ

കോഴിക്കോട്: അമേരിക്കക്കാരി സമ്മറിന്‍െറ ഓമനപ്പൂച്ച ഇന്ന് അവരോടൊപ്പം വിമാനം കയറും. കാലിഫോര്‍ണിയയില്‍ മരിക്കുവോളം ഒരുമിച്ചുകഴിയുമെന്ന തീരുമാനവുമായാണ് സമ്മര്‍ ‘മഴ’ എന്നുപേരിട്ട പൂച്ചക്കുട്ടിയെ കൂടെ കൊണ്ടുപോവുന്നത്. ഇവര്‍ തമ്മിലുള്ള പരിചയത്തിന് നാലു മാസം പ്രായമായതേയുള്ളൂ. പക്ഷേ, വേര്‍പിരിയാനാവാത്തവിധം സമ്മറിനും മഴക്കുമിടയിലെ ഇഷ്ടം ഒരുപാട് വളര്‍ന്നു. മഴയുടെ സ്വര്‍ണമുടിയിഴകളില്‍ സ്നേഹവിരലുകള്‍കൊണ്ട് സ്പര്‍ശിക്കാതെ സമ്മറിന് ഒരുദിവസംപോലും കഴിയാനാവില്ല. അത്രമേല്‍ ഇഷ്ടമാണ് അമേരിക്കക്കാരിക്ക് ഈ കോഴിക്കോടന്‍ പൂച്ചക്കുട്ടിയെ. അല്‍സലാമ ആശുപത്രിയിലെ എക്സ്ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് അധ്യാപികയായി ഒരുവര്‍ഷം മുമ്പാണ് സമ്മര്‍ ഡന്‍സ്മോര്‍ എന്ന കാലിഫോര്‍ണിയന്‍ യുവതി കോഴിക്കോട്ടത്തെിയത്. ഗോവിന്ദപുരത്തിനടുത്ത് എരവത്തുകുന്നിലെ ഫ്ളാറ്റിലായിരുന്നു താമസം. നാലു മാസം മുമ്പ് ഒരു മഴയുള്ള പുലരിയില്‍ കോഴിക്കോട്ടുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെ ദൈന്യതമുറ്റിയ കരച്ചിലായാണ് ഈ പൂച്ചക്കുട്ടി സമ്മറിന്‍െറ ഹൃദയത്തിലേക്ക് കയറിവന്നത്.
പുറത്ത് മഴ കനത്തുതന്നെ പെയ്യുന്നുണ്ടായിരുന്നു. പിന്‍സീറ്റില്‍ നേരിയ മയക്കത്തിനിടയില്‍ പൂച്ചയുടെ കരച്ചില്‍ സമ്മറിനെ ഉണര്‍ത്തി. ഈ കാറിനുള്ളിലെവിടെയോ പൂച്ചയുണ്ടെന്ന് അവര്‍ക്ക് തോന്നി. കാര്‍ മുന്നോട്ട് കുതിക്കുന്നതിനിടെ കരച്ചില്‍ ആവര്‍ത്തിച്ചതോടെ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ സമ്മര്‍ ആവശ്യപ്പെട്ടു. കാറിന്‍െറ ഡിക്കി തുറന്ന് പരിശോധിച്ചു. പക്ഷേ, ഒന്നും കണ്ടില്ല. വീണ്ടും യാത്ര തുടര്‍ന്നു. അല്‍പം മുന്നോട്ടുപോയപ്പോള്‍ ആ കരച്ചില്‍ ആവര്‍ത്തിച്ചു. കൂടെ അല്‍സലാമ ആശുപത്രിയിലെ ഡോക്ടറുമുണ്ടായിരുന്നു. ശസ്ത്രക്രിയകളുള്ളതിനാല്‍ അദ്ദേഹത്തിന് വേഗം ആശുപത്രിയിലെത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍, ഡോക്ടറുടെ തിരക്കിനെക്കാള്‍ വലുതായിരുന്നു സമ്മറിന് കാറിനുള്ളില്‍ എവിടെയോ കുടുങ്ങിക്കിടക്കുന്ന പൂച്ചക്കുട്ടിയുടെ കരച്ചില്‍. കാര്‍ വര്‍ക്ഷോപ്പിലേക്ക് വിടണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. വര്‍ക്ഷോപ്പില്‍ കാര്‍ സ്കാനിങ്ങിന് വിധേയമാക്കിയപ്പോള്‍ പിന്‍ചക്രത്തോട് ചേര്‍ന്ന് ആക്സിലിനുള്ളില്‍ പൂച്ച ബന്ധനസ്ഥനായിക്കിടക്കുന്നത് കണ്ടു. മെക്കാനിക്കുകളുടെ സഹായത്തോടെ അവള്‍ പൂച്ചക്കുട്ടിയെ മോചിപ്പിച്ചു. ദയനീയമായിരുന്നു അതിന്‍െറ ആരോഗ്യസ്ഥിതി. പൂച്ചക്കുട്ടിയെ മടിയിലിരുത്തി സമ്മര്‍ പെരിന്തല്‍മണ്ണയിലേക്ക് യാത്ര തുടര്‍ന്നു. അതിനിടെ അവള്‍ പൂച്ചക്ക് പേരിട്ടു -മഴ. കുറഞ്ഞ കാലത്തിനിടയില്‍ സമ്മര്‍ മലയാളം അല്‍പസ്വല്‍പം പഠിച്ചിരുന്നു.
അന്ന് ജോലിക്കിടയിലും അവള്‍ മഴയെ സ്നേഹപൂര്‍വം പരിചരിച്ചു. വൈകുന്നേരം ഫ്ളാറ്റിലേക്ക് കൊണ്ടുവന്നു. ആ രാത്രിയില്‍ അവള്‍ ‘മഴയെ’ നിലത്തുവെച്ചില്ല. അന്നു തുടങ്ങിയ ഇഷടം ഇപ്പോഴും തുടരുന്നു. ശനിയാഴ്ച സമ്മര്‍ അമേരിക്കയിലേക്ക് തിരിക്കുകയാണ്. ‘മഴയെ’ കൂടെ കൊണ്ടുപോകാന്‍ അവള്‍ക്കൊരുപാട് ത്യാഗം സഹിക്കേണ്ടിവന്നു. കോഴിക്കോട്ടുനിന്ന് പൂച്ചയെ വിമാനത്തില്‍ കൊണ്ടുപോകാന്‍ സൗകര്യമില്ല. അതിനാല്‍ ബംഗളൂരുവില്‍നിന്നാണ് വിമാനം കയറുന്നത്. 10,000 രൂപ വാടക നല്‍കിയാണ് മഴയെയുമായി അവള്‍ കാറില്‍ ബംഗളൂരുവിലേക്ക് തിരിക്കുന്നത്. കോഴിക്കോട്ടെ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ പൂച്ചയുടെ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചു. ഇതിലാണ് പൂച്ചയെ അമേരിക്കയിലേക്ക് കൊണ്ടുപോവാനുള്ള ഒൗദ്യോഗിക രേഖകളുള്ളത്. വാക്സിനേഷന്‍ നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിന്‍െറ തിരക്കിലായിരുന്നു വെള്ളിയാഴ്ച. ‘മഴ‘യെക്കുറിച്ച് അറിഞ്ഞതുമുതല്‍ തന്‍െറ അമ്മ കാലിഫോര്‍ണിയയില്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് സമ്മര്‍ പറഞ്ഞു.