തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കെതിരേ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കെതിരേ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇവ തീരദേശ പരിപാലന നിയമം പാലിക്കുന്നില്ലെന്നാണു സര്‍ക്കാരിന്റെ പരാതി. വേമ്പനാട്ട് കായല്‍ കൈയേറി നിര്‍മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിക്കുന്നതിരേ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തദ്ദേശഭരണസ്‌ഥാപനങ്ങളെ വിമര്‍ശിച്ച് സംസ്‌ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് തദ്ദേശസ്‌ഥാപനങ്ങള്‍ വ്യാപകമായി നിയമ ലംഘനങ്ങള്‍ നടത്തുന്നെന്നാണ് സത്യവാങ്‌മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. വേമ്പനാട്ട് കായലിലെ പാണാമ്പള്ളി നെടിയന്തുരുത്തിലെ കാപ്പിക്കോ എന്ന റിസോര്‍ട്ട് പൂര്‍ണമായും നിയമം ലംഘിച്ചുള്ളതാണെന്നും ഇവ പൊളിച്ച് നീക്കാന്‍ അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കോസ്‌റ്റല്‍ റെഗുലേഷന്‍ സോണ്‍ (സി.ആര്‍.ഇസഡ്) പരിധിയിലുള്ള പ്രദേശങ്ങളില്‍ തദ്ദേശ സ്‌ഥാപനങ്ങളുടെ അനുമതിയോടെ നടത്തിയ മുഴുവന്‍ നിര്‍മാണങ്ങളും പൊളിച്ചുകളയാന്‍ കോടതി ഉത്തരവിടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.