നാട് ഉത്രാടപ്പാച്ചിലിൽ...

ഒന്നാം ഓണമായ ഉത്രാടമാണ് ഇന്ന്. ഈ ദിനം തിരുവോണത്തിനായുള്ള അവാസാന ഒരുക്കങ്ങളുടേതാണ്. അതുകൊണ്ടുതന്നെ ഈ ദിനം ഉത്രാടപ്പാച്ചിലിന്‍റേതു കൂടിയാണ്. നഗരങ്ങളിലെല്ലാം ആളുകളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. പച്ചക്കറികളും പഴങ്ങളും പൂക്കളും ഓണക്കോടികളുമെല്ലാം ഒരുക്കുന്നതിനുള്ള അവസാന വട്ട ഓട്ടത്തിലാണ് ആളുകൾ. വിപണികളിൽ പച്ചക്കറികളും പൂക്കളും സജീവമാണ്. തുണിക്കടകളിൽ വലിയ തിരക്കാണ്. പൊതുവെ ഓണമാകുമ്പോൾ പച്ചക്കറികൾക്ക് വില കൂടാറുണ്ടെങ്കിലും അത്ര ഞെട്ടിക്കുന്ന വിലയല്ല പച്ചക്കറികൾക്കെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന വിവരം. പുതുതലമുറയുടെ പർച്ചേസിംഗ് ട്രെന്റ് മാറിയതോടെ, തുണിക്കടകൾക്കപ്പുറം ഓൺലൈൻ സൈറ്റുകളും സജീവമായിരിക്കുകയാണ്. നേരത്തെ ബുക്ക് ചെയത വസ്ത്രങ്ങൾ വീടുകളിലെത്തിക്കാനുള്ള ഡെലിവറി വാഹനങ്ങളുടെ ഓട്ടപ്പാച്ചിലുമുണ്ട് നിരത്തുകളിൽ.
ഇതിനൊക്കെയിടയിൽ ദൂരെ ജോലി ചെയ്യുന്ന മലയാളികൾ നാട്ടിലെത്താനുള്ള പാച്ചിലിലാണ്. ബസിനും ട്രെയിനിനും ടിക്കറ്റ് കിട്ടാനില്ലാത്തതിന്റെ ബുദ്ധിമുട്ടുകളും റോഡിലെ തിരക്കുകളും മറ്റൊരു കാര്യം. സ്വകാര്യ ബസുകൾ സീസൺ അനുസരിച്ച് ടിക്കറ്റ് നിരക്ക് കൂട്ടുന്നതും ആളുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള റിപ്പോർട്ടർ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതിൽ ഇടപെട്ട ഗതാഗത മന്ത്രി നടപടി ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
്േു