സ്പീക്കറുടെ വിവാദ പരാമര്‍ശം; ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കാന്‍ എന്‍എസ്എസ്


നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ വിവാദ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്. ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കരയോഗങ്ങൾക്ക് നിര്‍ദേശം നല്‍കി. വീടിന് അടുത്തുള്ള ഗണപതി ക്ഷേത്രങ്ങളില്‍ എത്തി വഴിപാടുകള്‍ നടത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നും മുന്നറിയിപ്പുണ്ട്. പരാമര്‍ശം പിന്‍വലിച്ച് ഷംസീര്‍ മാപ്പ് പറയണമെന്ന് സുകുമാരന്‍ നായര്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എം.വി.ഗോവിന്ദനും എ.കെ.ബാലനും അടക്കമുള്ള സിപിഎം നേതാക്കള്‍ സ്പീക്കറെ പിന്തുണച്ച് രംഗത്തുവന്നതോടെയാണ് എന്‍എസ്എസ് പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ ഷംസീര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രമെന്നായിരുന്നു പരാമര്‍ശം. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ കാലത്ത് ഇതൊക്കെ വെറും മിത്തുകളാണെന്നും ഷംസീര്‍ പറഞ്ഞിരുന്നു. ഷംസീറിന്‍റെ പരാമര്‍ശത്തേചൊല്ലി യുവമോര്‍ച്ചയും സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജനും പരസ്പരം പോര്‍വിളിക്കുന്നതിനിടെയാണ് എന്‍എസ്എസും ഇതിനെതിരേ രംഗത്തുവന്നത്.

You might also like

  • Straight Forward

Most Viewed