വ്യാജം തന്നെ; നിഖിലിന്‍റെ സര്‍ട്ടിഫിക്കറ്റില്‍ കേരള സര്‍വകലാശാലയ്ക്ക് കലിംഗയുടെ ഔദ്യോഗിക അറിയിപ്പ്

എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്‍റെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സര്‍വകലാശാല കേരള സര്‍വകലാശാലയെ ഔദ്യോഗികമായി അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നും കേരള സര്‍വകലാശാല രജിസ്ട്രാറോട് കലിംഗ സര്‍വകലാശാല ആവശ്യപ്പെട്ടു. കലിംഗയില്‍ ബികോം കോഴ്സ് പൂര്‍ത്തിയാക്കിയെന്ന നിഖിലിന്‍റെ വാദം വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമായതിനാല്‍ നിഖിലിന്‍റെ എം കോം രജിസ്‌ട്രേഷന്‍ റദ്ദാക്കും. കേരള നല്‍കിയ തുല്യത സര്‍ട്ടിഫിക്കറ്റും റദ്ദാക്കും.നിലവില്‍ എംഎസ്എം കോളജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ഥിയാണ് നിഖില്‍. 2018 - 2020 കാലഘട്ടത്തില്‍ ഇയാള്‍ ഇതേ കോളജില്‍ ബികോം ചെയ്തെങ്കിലും പാസായില്ല. പിന്നീട് പ്രവേശനത്തിനായി 2019 - 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയായിരുന്നു.
ബികോം പഠനകാലത്ത് 2019 ല്‍ എംഎസ്എം കോളജില്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു നിഖില്‍. കേസെടുത്തതിന് പിന്നാലെ നിഖില്‍ തോമസ് ഒളിവിലാണ്. നിഖിലിനെ കണ്ടെത്താന്‍ കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തുകയാണ്. നിഖിലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് ഫോണിന്‍റെ ലൊക്കേഷന്‍ അവസാനം കണ്ടെത്തിയത്.
dsadsadsads