പൊലീസ്പിടിയിൽ നിന്ന് രക്ഷപെടാനാണ് മണിയനെ കുത്തിയത്; ആട് ആന്റണി.


കൊല്ലം: പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെടാനാണ് മണിയൻപിള്ളയെ കുത്തിയതെന്ന് കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി. ഒളിവിൽ പോയ ശേഷം കേരളത്തിൽ മോഷണങ്ങൾ നടത്തിയിട്ടില്ല. സെൽവരാജെന്ന പേരിലാണ് തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ ഉള്ളത്. ഇതുവരെ അറുന്നൂറോളം മോഷണങ്ങൾ നടത്തിയി‌ട്ടുണ്ടെന്നും ആന്റണി പൊലീസിനോട് സമ്മതിച്ചു.

കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. കമ്മിഷണറോടൊപ്പം നാലു എസിപിമാരും എഎസ്ഐ ജോയിയും ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ പാലക്കാട് അറസ്റ്റിലായ ആന്റണിയെ പുലർച്ചയാണ് കൊല്ലത്തെത്തിച്ചത്. ഇന്ന് വിശദമായ ചോദ്യം ചെയ്യലിനു ശേഷം പരവൂർ കോടതിയിൽ ഹാജരാക്കും.

തമിഴ്നാട് അതിർത്തിയിലെ ഗോപാലപുരത്തിനു സമീപം കരുമാണ്ടക്കൗണ്ടനൂരിലെ ഭാര്യവീട്ടിൽനിന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെ പാലക്കാടു സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എൽ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പൊലീസ് ക്രൈം സ്ക്വാഡും ചേർന്നാണ് ആട് ആന്റണിയെ പിടികൂടിയത്. ഒരു വർഷത്തിലേറെയായി തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്നു 30 കിലോമീറ്റർ അകലെ ധാരാപുരത്തു രാജേന്ദ്രൻ എന്ന വസ്ത്രവ്യാപാരി ചമഞ്ഞു വീടും സ്ഥലവും വാങ്ങി കഴിയുകയായിരുന്നു.

ഇതിനിടെ, ഭർത്താവ് മരിച്ച കൊടുവായൂർ സ്വദേശിനിയെ കഴിഞ്ഞ നവംബറിൽ വിവാഹം ചെയ്തിരുന്നു. തുടർന്നു ഭാര്യയ്ക്കായി ഗോപാലപുരത്തു വീടുവാങ്ങി. ഭാര്യയെ സന്ദർശിക്കാനും പാലക്കാട് ജില്ലയിലെ സ്കൂളിൽ പഠിക്കുന്ന ആദ്യഭാര്യയിലെ മകനെ കാണാനും പ്രതി എത്തുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഭാര്യവീടു കണ്ടെത്തിയ പൊലീസ് ഇവിടെ കാത്തിരുന്നാണ് ആന്റണിയെ കീഴ്പെടുത്തിയത്.

You might also like

Most Viewed