നട്ടെല്ലുണ്ടെങ്കിൽ ബിജു രമേശ് തെളിവു ഹാജരാക്കട്ടെയെന്ന് ഗുണ്ടാ നേതാവ് പ്രിയൻ

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ ആരോപണങ്ങളെ വെല്ലുവിളിച്ച് മുൻ ഗുണ്ടാ നേതാവ് പള്ളുരുത്തി സ്വദേശി പ്രിയൻ. ബിജു രമേശിന്റെ ആരോപണങ്ങൾക്കു പിന്നിൽ വി.കെ. പ്രദീപാണ്. പള്ളുരുത്തിയിലെ എസ്എൻഡിപി യോഗത്തിൽ ഗുണ്ടകളെ കൊണ്ടുവന്നതും പ്രദീപാണ്. അഡ്വ. രാമൻപിള്ളയ്ക്ക് പത്തുലക്ഷം രൂപ നൽകിയിട്ടില്ലെന്നും, നട്ടെല്ലുണ്ടെങ്കിൽ തെളിവു ഹാജരാക്കണമെന്നും, ബിജു രമേശ് ഒരു മീഡിയ മാനിയ ആണെന്നും, ചാനലിൽ പറയുന്നതല്ലാതെ ഒരു തെളിവും ബിജു കാണിച്ചിട്ടില്ലെന്നും, പ്രിയൻ പറഞ്ഞു.
ജയിലിൽ നിന്നെഴുതിയെന്നു പറയുന്ന കത്ത് കാണിക്കാനും ബിജുവിനെ പ്രിയൻ വെല്ലുവിളിച്ചു. പ്രവീൺ വധക്കേസിൽ ജയിലിൽ കിടക്കുമ്പോൾ മറ്റൊരാളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് താൻ ഏത് വാർഡനോടാണ് പറഞ്ഞത്? ക്രൈംബ്രാഞ്ചിന് മൂന്നുതവണ മൊഴി നൽകി. എന്നാൽ എന്താണ് പറഞ്ഞതെന്ന് പറയില്ലെന്നും താൻ ഒളിവിലല്ലെന്നും പ്രിയൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനുവേണ്ടി പ്രിയനാണ് സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതെന്നാണ് ബിജു രമേശിന്റെ ആരോപണം.