സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌നയുടെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകൻ

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു. അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കൽ ആണ് വക്കാലത്തൊഴിഞ്ഞത്. വക്കാലത്തൊഴിഞ്ഞതിന്റെ കാരണം വ്യക്തമല്ല. സ്വപ്നയുടെ കേസ് പരിഗണിക്കുന്ന കൊച്ചി എൻഐഎ കോടതിയിൽ അഭിഭാഷകൻ നിലപാടറിയിച്ചു. ഒരിടവേളയ്ക്ക് ശേഷം സ്വർണക്കടക്ക് കേസ് വീണ്ടും സജീവ ചർച്ചയാവുന്നതിനിടെയാണ് അഭിഭാഷകന്റെ പിന്‍മാറ്റം എന്നതും ശ്രദ്ധേയമാണ്. എം ശിവശങ്കർ ഐഎഎസ് കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയാണ് എന്ന ആരോപണങ്ങളുമായി പുസ്തകമെഴുതിയതിന് പിന്നാലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
ശിവങ്കറിന്റെ അവകാശവാദങ്ങൾക്ക് എതിരെ സ്വപ്‌ന സുരേഷ് രംഗത്തെത്തുകയും ചെയ്തതോടെ വിവാദം കൊടുന്പിരികൊണ്ടു. ഇതിനിടെ, സ്വപ്‌നയുടെ അഭിഭാഷകന് എതിരെ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജും രംഗത്ത് എത്തിയിരുന്നു. സ്വപ്‌നയിൽ നിന്നും അഭിഭാഷകൻ വലിയ തോതിൽ പണം തട്ടിയെന്ന ആരോപണമായിരുന്നു പിസി ജോർജ് ഒരു പരാമർശം നടത്തിയിരുന്നു. സ്വപ്‌നയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തു എന്നുൾപ്പെടെ പറഞ്ഞ പിസി ജോർജ് ഇക്കാര്യം വ്യക്തമാക്കി അഭിഭാഷകന്റെ വീടിന് മുന്നിൽ സമരം ഇരിക്കുമെന്നും പ്രതികരിച്ചിരുന്നു.