മേയർ ആര്യ രാജേന്ദ്രനും എംഎൽഎ കെ.എം. സച്ചിൻദേവും വിവാഹിതരാകുന്നു


കോഴിക്കോട്: ബാലുശേരി എംഎൽഎ കെ.എം. സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയതി തീരുമാനമായില്ല. ഒരു മാസത്തിനുള്ളിൽ വിവാഹം നടത്താനാണ് ആലോചിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. 

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇരുപത്തിയെട്ടുകാരനായ സച്ചിൻദേവ് നിയമസഭയിലേക്കു മത്സരിച്ചു വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. കോഴിക്കോട് ഗവണ്‍മെന്‍റ് ആർട്സ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമബിരുദവും നേടിയ സച്ചിൻ നിലവിൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി കൂടിയാണ്.

21ആം വയസിൽ തിരുവനന്തപുരം നഗരസഭയുടെ മേയറായതിലൂടെ രാജ്യത്തിന്‍റെയാകെ ശ്രദ്ധ നേടിയ വിദ്യാർഥി നേതാവാണ് ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം ഓൾ സെയിന്‍റ്സ് കോളജിൽ വിദ്യാർത്ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാലസംഘത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ആര്യ നിലവിൽ സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമാണ്.

You might also like

  • Straight Forward

Most Viewed