വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം ദീർഘകാലത്തെ അടച്ചുപൂട്ടലിലായിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. ബീച്ചുകളും തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങളുമാണ് തുറന്നത്. ഒരു ഡോസ് വാക്സിനെടുത്തവർക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശിക്കാം. ടൂറിസം മേഖലകളിലെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.
മേഖലയിലെ വ്യാപാരികൾ എല്ലാം ഒരു ഡോസ് വാക്സിൻ എങ്കിലും നിർബന്ധമായും എടുത്തിരിക്കണമെന്നും സാമൂഹിക അകലവും മാസ്കും നിർബന്ധമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബീച്ചുകളിൽ കോവിഡ് മാനദണ്ഡം പാലിച്ച് കുടുംബമായി എത്താനും അനുമതി നൽകി. മൂന്നാർ, പൊൻമുടി, തേക്കടി, വയനാട്, ബേക്കൽ, കുട്ടനാട്, കോവളം ഉൾപ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്ന് മുതൽ സഞ്ചാരികൾക്കെത്താം. നിയന്ത്രണങ്ങൾ നീക്കിയതോടെ വിനോദ സഞ്ചാര മേഖല സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.