മാപ്പ് പറയാത്തതിന് മാനസിക പീഡനം: നടന്‍ ഷിജുവിനും സംവിധായകനുമെതിരെ നടി രേവതി സമ്പത്ത്


സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനും നടന്‍ ഷിജുവിനുമെതിരെ നടി രേവതി സമ്പത്ത്. പട്‌നഗര്‍ എന്ന സിനിമയില്‍ അഭിനയിക്കവേയുണ്ടായ അനുഭവമാണ് രേവതി തുറന്നുപറഞ്ഞത്. സെറ്റില്‍ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയപ്പോള്‍ പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരില്‍ മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് രേവതി പറയുന്നു. പുതുമുഖങ്ങൾക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാൻ ഷിജുവും രാജേഷ് ടച്ച്റിവറും നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ അസഭ്യ വര്‍ഷം നടത്തി. ഷിജുവിനെ പുകഴ്ത്തി മൂവി സ്ട്രീറ്റ് എന്ന ഒരു ഫിലിം ഗ്രൂപ്പിൽ കണ്ട പോസ്റ്റിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും രേവതി വ്യക്തമാക്കി. ഷിജു കടന്നുവന്ന വഴികളുടെ ചരിത്രം ആഘോഷിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളോടെ സിനിമയിലേക്ക് കടന്നുവന്ന ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടുനിന്നു എന്ന കുറ്റസമ്മതം കൂടെ നടത്തണമെന്ന് രേവതി ആവശ്യപ്പെട്ടു. രേവതിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തതായി അഡ്മിൻ അറിയിച്ചു.

You might also like

Most Viewed