കെഎസ്എഫ്ഇ റെയ്ഡ്; മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെ ചൊല്ലി സിപിഎമ്മിലെ ഭിന്നത തുടരുന്നു. വിജിലൻസ് റെയ്ഡിൽ അസാധാരണമായി ഒന്നുമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. വിജിലൻസ് പരിശോധനകൾ എല്ലാ വകുപ്പിലും നടക്കും. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ അവർ തന്നെ റിപ്പോർട്ടായി വകുപ്പ് മന്ത്രിക്ക് നൽകും. അതൊക്കെ പതിവ് കാര്യമാണ്.
താൻ കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിലും സ്ഥിരമായി വിജിലൻസ് പരിശോധന നടക്കാറുണ്ട്. താൻ തന്നെ 300 ഫയലുകൾ വിജിലൻസിന് അങ്ങോട്ട് കൊടുത്തിട്ടുണ്ട്. പലപ്പോഴും പത്രവാർത്തയിലൂടെയാണ് വിജിലൻസ് പരിശോധന നടന്ന വിവരം താൻ അറിയാറുള്ളത്. ഇതൊക്കെ സ്വാഭാവികമായ കാര്യമാണ്. ഇതൊന്നും മന്ത്രിമാരെ ബാധിക്കില്ല. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജി.സുധാകരൻ പറഞ്ഞു.