കൊറോണ രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ട്; മാർഗ നിർദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം; കൊറോണ രോഗികൾക്കും നീരീക്ഷണത്തിൽ കഴിയുന്നവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യാം. ഇതിനായുള്ള മാർഗ നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് 10 ദിവസം മുൻപ് ആരോഗ്യ വകുപ്പിന്റെ പട്ടികയിൽ ഉള്ളവർക്കും തെരഞ്ഞെടുപ്പിന് തലേദിവസം മൂന്ന് മണി വരെ പോസിറ്റീവാകുന്നവർക്കും തപാൽ വോട്ട് ചെയ്യാമെന്നാണ് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. ആരോഗ്യ വകുപ്പിന്റെ പട്ടികയിൽ പേര് വന്നാൽ രോഗം മാറിയാലും തപാൽവോട്ട് തന്നെ ചെയ്യാനായിരിക്കും അവസരം. തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തന്നെ ഇതിനായുള്ള നടപടി ക്രമങ്ങൾ ആരംഭിക്കും. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റ് ജില്ലകളിൽ കുടുങ്ങി പോയവർക്കും തപാൽ വോട്ടിന് അപേക്ഷിക്കാം.
മൂന്ന് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബർ എട്ടിനും രണ്ടാം ഘട്ടം ഡിസംബർ പത്തിനും മൂന്നാം ഘട്ടം ഡിസംബർ 14നും നടക്കും. ഡിസംബർ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 10ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും ഡിസംബർ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 16നാണ് ഫല പ്രഖ്യാപനം.