ശിവശങ്കറിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു; ക്ലീൻ ചിറ്റ് നൽകാൻ തയ്യാറല്ലെന്ന് കസ്റ്റംസ്


തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി നടന്ന ചോദ്യം ചെയ്യലിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങിയത്.

സ്വർണക്കടത്ത് പ്രതികളില്‍ ചിലരുമായി ശിവശങ്കര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നിർണായക തെളിവുകൾ ഫോണിൽ ഉണ്ടെന്നാണ് കസ്റ്റംസ് സംഘത്തിന്റെ വിലയിരുത്തൽ. ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. എം ശിവശങ്കറിനെതിരെ കസ്റ്റംസ് തെളിവ് ശേഖരണം ഊർജിതമാക്കി. ഗൂഢാലോചന നടന്നതായി സംശയിക്കുന്ന ശിവശങ്കറിന്റെ ഫ്ലാറ്റിൽ വീണ്ടും കസ്റ്റംസ് പരിശോധന നടത്തി.

ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷവും ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാൻ കസ്റ്റംസ് തയാറല്ല. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റാണ് അന്വേഷണ കേന്ദ്രം. ശിവശങ്കറിന്റെ ഫ്ലാറ്റിന് സമീപം സ്വപ്നയും സംഘവും എന്തിന് മുറി വാടകയ്ക്കെടുത്തു എന്നതാണ് പ്രധാന ചോദ്യം. ഇതെടുത്ത് നൽകിയത് ശിവശങ്കർ വഴിയാണന്നും വ്യക്തമായതോടെ രണ്ടാം വട്ടവും കസ്റ്റംസ് റെയ്ഡ് നടത്തി.

ഫ്ലാറ്റുമായി ബന്ധപ്പെട്ട് ശിവശങ്കർ നൽകിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് വിവരം. ഇവ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്തേക്കും. അതിനിടെ സർക്കാർ സ്ഥാപനമായ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഓഫിസിൽ എൻഐഎ പരിശോധന നടത്തി. സ്വപ്നയുടെ നിയമന രേഖകളും ശമ്പള ബില്ലും പരിശോധിച്ചു.

You might also like

  • Straight Forward

Most Viewed