ജിദ്ദയിൽ നിന്നും കുവൈത്തിൽ നിന്നും കരിപ്പൂരിലെത്തിയ വിമാനങ്ങളിലെ 7 പേർക്ക് കൊവിഡ് ലക്ഷണം


മലപ്പുറം: വന്ദേ ഭാരത് ദൗത്യത്തിൻറെ ഭാഗമായി ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്നലെയെത്തിയ രണ്ട് വിമാനങ്ങളിലുമായി 7 പേർക്ക് കൊവിഡ് രോഗലക്ഷണം. ജിദ്ദയിൽ നിന്ന് പുലർച്ചെ 1.15 ന് കരിപ്പൂരിലെത്തിയ പ്രത്യേക വിമാനത്തിലെ ഒരാൾക്കും കുവൈറ്റിൽ നിന്നെത്തിയ വിമാനത്തിലെ 6 പേർക്കുമാണ് കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ വിമാനത്തിലെ  ഒരു സ്ത്രീയ്ക്കാണ് കൊവിഡ് ലക്ഷണമുള്ളത്. മലപ്പുറം സ്വദേശിയായ ഇവരെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 155 പ്രവാസികളാണ് എ.ഐ − 960 എയർ ഇന്ത്യ വിമാനത്തിൽ ഇന്നലെ ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയത്.

അതേ സമയം കുവൈറ്റിൽ നിന്നെത്തിയ വിമാനത്തിലെ 6 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതോടെ ഇവരെ മറ്റു യാത്രക്കാർക്കൊപ്പം വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കാതെ റൺ‍വെയിൽത്തന്നെ 108 ആംബുലൻസുകൾ കൊണ്ടുവന്ന് ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവരിൽ മൂന്ന് മലപ്പുറം സ്വദേശികൾ, രണ്ട് പാലക്കാട് സ്വദേശികൾ എന്നിവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലേയ്ക്കും ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇവരുടെ സ്രവ പരിശോധന ഉടനെയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

You might also like

  • Straight Forward

Most Viewed