എന്‍റെ മുട്ടുകാലിന്‍റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് അളക്കേണ്ട: കെ.എം. ഷാജിക്കെതിരെ സ്പീക്കർ

തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎൽഎ കെ.എം. ഷാജി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രംഗത്ത്. ഷാജിയുടെ പ്രതികരണം ബാലിശമായിപ്പോയി. ഏത് സ്പീക്കറും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. എന്‍റെ മുട്ടുകാലിന്‍റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് ആരും അളക്കേണ്ടെന്നും ശ്രീരാമകൃഷ്ണൻ മറുപടിയായി പറഞ്ഞു. ഷാജിയുടേത് നിയമസഭയോടുള്ള അവഹേളനമാണ്. ഷാജിക്കെതിരായ പരാതിയിൽ നിയമപരമായി ചെയ്യേണ്ടതാണ് ചെയ്തതെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.