കൊവിഡിനെ ചെറുക്കാൻ ഡിജിറ്റൽ പാസ്: കേരളത്തിലേക്ക് വരുന്നവർക്ക് പ്രത്യേക സംവിധാനം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരെ ഡിജിറ്റൽ പ്രതിരോധമൊരുക്കാൻ തയ്യാറെടുത്ത് കേരളം. സംസ്ഥാനത്തേക്ക് വരുന്നവർക്ക് ഡിജിറ്റൽ പാസ് നിർബന്ധമാക്കാനാണ് നീക്കം. രോഗസാധ്യതയുളളവരുടെ വിവരങ്ങൾ അറിയിക്കാൻ മൊബൈൽ ആപ്പ് കൊണ്ടുവരുന്നതും പരിഗണനയിലാണ്. കൊവിഡ് പ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ പ്രതിരോധം അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്.
വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ കേരളത്തിലേക്ക് വരുന്നവർ നേരത്തെ വിവരം രജിസ്റ്റർ ചെയ്യണം. മുൻകൂർ അനുമതി കിട്ടുന്നവർക്ക് ഡിജിറ്റൽ പാസ് അനുവദിക്കാനാണ് സർക്കാർ നീക്കം. പാസുള്ളവർക്കേ വിമാനത്താവളങ്ങളിൽ നിന്നോ റെയിൽവെ േസ്റ്റഷനിൽ നിന്നോ പുറത്തുകടക്കാനാവൂ. ഇങ്ങനെ വരുന്നവരെ സമീപത്ത് തന്നെ നിരീക്ഷണത്തിൽ പാർപ്പിക്കും, രോഗസാധ്യതയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയായണ് മറ്റൊന്ന്. മറ്റ് രോഗങ്ങൾക്ക് ചികിത്സയിലുള്ളവരുടെ വിവരങ്ങളും ക്രോഡീകരിക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വിവരം ശേഖരിക്കും.
ചികിത്സാവിവരങ്ങൾ തത്സമയം അപേഡറ്റ് ചെയ്യുന്ന മൊബൈൽ ആപ്പാണ് മറ്റൊരു സംവിധാനം. ടെലിമെഡിസിൻ സൗകര്യങ്ങൾ കൂടുതൽ വ്യാപിപ്പിക്കും. ഐടി മിഷന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ പ്രതിരോധ മാർഗ്ഗങ്ങൾക്ക് രൂപം നൽകുന്നത്. കൊവിഡ് ഭീഷണി അവസാനിച്ചാലും ഈ ഡേറ്റബേസ് ആരോഗ്യരംഗത്തിന് മുതൽക്കൂട്ടാകുമെന്നും സംസ്ഥാന സർക്കാർ കണക്ക് കൂട്ടുന്നു.
എന്നാൽ പൗരൻമാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറും വിധം വിവരങ്ങൾ ശേഖരിക്കുന്നു എന്ന വിമർശനം ഉയരാനുള്ള സാധ്യതയും സർക്കാർ മുന്നിൽ കാണുന്നുണ്ട്. ലോക്ഡൗണിൽ രാജ്യത്തിന് അകത്തും പുറത്തുമായി കുടുങ്ങിക്കിടക്കുന്ന നിരവധി മലയാളികളുണ്ട്. ഗതാഗതമാർഗ്ഗങ്ങൾ തുറന്നു കൊടുക്കുന്പോൾ തിരിച്ചെത്തുന്ന ഇവരിലൂടെ രോഗം വീണ്ടും വ്യാപിക്കാനുളള സാധ്യതയുള്ളതിനാലാണ് പുതിയ തയ്യാറെടുപ്പ്.