കരിപ്പൂരിൽ ജംബോ വിമാനങ്ങൾക്ക് അനുമതി: പ്രവാസികളുടെ യാത്രാദുരിതം തീരുന്നു

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ജംബോ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് അനുമതി. ഈ വർഷം മെയ് മാസത്തിൽ തന്നെ ഇവിടെ വലിയ വിമാനങ്ങൾക്ക് പറന്നിറങ്ങാൻ അനുമതി കിട്ടിയിരുന്നതാണ്. എന്നാൽ സ്ഥിരം ജംബോ സർവ്വീസുകൾക്കുള്ള അനുമതി വൈകുകയായിരുന്നു. ഫെബ്രുവരി 17 മുതൽ കരിപ്പൂർ − ജിദ്ദ സർവീസ് തുടങ്ങുമെന്ന് എയർ ഇന്ത്യ വിമാനത്താവള അധികൃതരെ അറിയിച്ചു.
ഡിസംബർ 24−ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ജംബോ വിമാനം 25−ന് രാവിലെ കോഴിക്കോട്ട് പറന്നിറങ്ങിയിരുന്നു. ഈ ലാൻഡിംഗ് തൃപ്തികരമായിരുന്നതിനാലാണ് ഇനി മുതൽ ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചത്. ഇനി ഇത് വഴി സ്ഥിരം സർവീസ് നടത്താമെന്ന നിലപാടിലാണ് എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ജംബോ വിമാനങ്ങളാണ് ഇനി മുതൽ ഇവിടെ നിന്ന് സർവീസ് നടത്തുക.
രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ജംബോ ബോയിംഗ് വിമാനമാണ് കരിപ്പൂരിലെ റൺവേ നവീകരണത്തിന് ശേഷം ആദ്യമായി ഇത് വഴി പരീക്ഷണപ്പറക്കൽ നടത്തിയത്. റൺവേയുടെ നീളം 6000 അടിയിൽ നിന്ന് 9000 അടിയാക്കി നവീകരിച്ച ശേഷവും ജംബോ വിമാനങ്ങളുടെ ദൈനംദിന സർവീസുകൾക്ക് അനുമതി വൈകിയിരുന്നു. ഇത് ഗൾഫിൽ നിന്ന് അടക്കമുള്ള പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നുകിൽ കണ്ണൂർ വിമാനത്താവളത്തിലോ, അല്ലെങ്കിൽ നെടുന്പാശ്ശേരിയിലോ വിമാനമിറങ്ങി വരേണ്ട സ്ഥിതിയായിരുന്നു പ്രവാസികൾക്ക്.