ഇന്‍റര്‍നെറ്റ് നിരോധനത്തിലൂടെ ടെലികോം കമ്പനികള്‍ക്ക് മണിക്കൂറില്‍ 24.5 ദശലക്ഷം രൂപയുടെ നഷ്ടം


ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആർത്തിരന്പുന്പോൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ താത്കാലികമായി വിച്ഛേദിക്കുന്നത് ടെലികോം കമ്പനികൾക്ക് ഭീമമായ നഷ്ടമാണ് വരുത്തിവെച്ചത്. മണിക്കൂറിൽ 24.5 ദശലക്ഷം രൂപയുടെ നഷ്ടമാണ് ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ഇതു കാരണം ഉണ്ടായതെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.

പൗരത്വ നിയമ ഭേദഗതിയും ദേശിയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഇന്റർനെറ്റ് സംവിധാനങ്ങൾ തടഞ്ഞുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഉത്തർ പ്രദേശിലെ 18 ഓളം ജില്ലകളിലാണ് മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചത്.

ഇന്ത്യക്കാർ അവരുടെ സ്മാർട്ട്ഫോണുകളിൽ പ്രതിമാസം ശരാശരി 9.8 ജിഗാബൈറ്റ് ഡാറ്റ ഉപയോഗിക്കുന്നതായും ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണെന്നും സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സൺ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ കമ്പനിയായ ഫെയ്സ്ബുക്ക്, മെസഞ്ചർ വാട്ട്സ്ആപ്പ് എന്നിവയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.

നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ടെലികോം മേഖലയുടെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം നിയന്ത്രണങ്ങൾ. കണക്കു പ്രകാരം രാജ്യത്ത് ഓൺലൈൻ പ്രവർത്തനങ്ങള്‍ അനുദിനം വർദ്ധിക്കുകയാണ്. ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുന്നതോടെ മണിക്കൂറിൽ 24.5ദശലക്ഷം രൂപയുടെ അടുത്താണ് കമ്പനികൾക്കുണ്ടാവുന്ന നഷ്ടമെന്ന് വിലയിരുത്തുന്നതായി സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അധികൃതർ പറഞ്ഞു. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ.റിലയൻസ് ഇന്റ്‌സ്ട്രീസ് ജിയോ ഇൻഫോ എന്നി കമ്പനികൾ അടങ്ങുന്നതാണ് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കാശ്മിരില്‍ ഇതുവരെ ഇന്‍റര്‍നെറ്റ് സേവനം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടില്ല. നിയന്ത്രണം മാസങ്ങളായി തുടരുമ്പോള്‍ വന്‍ നഷ്ടമാണ് കമ്പനികള്‍ നേരിടുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

 

You might also like

Most Viewed