പൗരത്വ ബില്ല്: സർവകക്ഷി യോഗത്തിൽ കോൺഗ്രസ് പ്രതിനിധിയുണ്ടാകുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ഞായറാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്തിരിക്കുന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസിന്‍റെ പ്രതിനിധിയുണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കേണ്ട ആവശ്യമില്ല. യോഗത്തിൽ കോൺഗ്രസ് പ്രതിനിധിയുണ്ടാകും. “കെ.പി.സി.സി അധ്യക്ഷൻ എന്ന നിലയിൽ താങ്കളാകുമോ യോഗത്തിൽ പങ്കെടുക്കുക’ എന്ന ചോദ്യത്തോട് മുല്ലപ്പള്ളി വ്യക്തമായി പ്രതികരിച്ചില്ല. കാത്തിരുന്ന് കാണൂ എന്നാണ് ഇക്കാര്യത്തിന് അദ്ദേഹം മറുപടി നൽകിയത്. മുഖ്യമന്ത്രിയുമായി അതൃപ്തി തുടരുന്നതിനാൽ യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കെ.പി.പി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷായിരിക്കും കെ.പി.സി.സി അധ്യക്ഷന്‍റെ പ്രതിനിധിയായി യോഗത്തിന് പോകുക എന്നതാണ് വിവരം.