പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണത്തില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണത്തില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുന്നതായി റിപ്പോര്‍ട്ട്. ഇത് കാണിച്ച് ഉടന്‍ തന്നെ കത്ത് നല്‍കുമെന്ന് ഇ.ശ്രീധരന്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കി. ഡി.എം.ആര്‍.സിയുടെ കേരളത്തിലെ പ്രവര്‍ത്തനം ജൂണില്‍ അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പുക്കുന്നതിന് മുന്‍പ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് വിശദീകരണം.
പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഒക്ടോബറില്‍ ആരംഭിച്ച് ജൂണില്‍ തീര്‍ക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഹൈക്കോടതിയുടെ സ്‌റ്റേയാണ് ഇതിന് വിലങ്ങുതടിയായത്. പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയ ശേഷം പാലം പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കണമെന്ന ഇ.ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പാലം പൊളിക്കാനുള്ള സര്‍ക്കാരിന്റെ നടപടി. പാലത്തിന്റ നിര്‍മ്മാണത്തിലെ വീഴ്ച ആദ്യം തന്നെ ശ്രദ്ധയില്‍പെട്ടിരുന്നുവെങ്കിലും വിദഗ്ധ പഠനത്തിന്റെ പേരില്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അറ്റകുറ്റപ്പണി വൈകിപ്പിക്കുകയായിരുന്നു. മദ്രാസ് ഐഐടി അടക്കം വിവിധ ഏജന്‍സികള്‍ ഗാര്‍ഡറുകളിലെ വിള്ളലുകളും നിര്‍മ്മാണത്തിലെ പോരായ്മ്മകളും കണ്ടെത്തിയതോടെ മേയ് ഒന്ന് മുതലാണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്.