ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വിധി നാളെ


ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണു വിധി പറയുക. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെയാണു പുനഃപരിശോധനാ ഹർജികൾ. രാവിലെ 10.30ന് ആണു വിധിപ്രസ്താവം തുടങ്ങുക.
കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവശം അനുവദിച്ചുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ കേസിൽ 12 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി. പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണു കേരളം സാക്ഷ്യം വഹിച്ചത്. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ പോലീസ് എടുത്ത 9000 ക്രിമിനൽ കേസുകളിൽ പ്രതികളായത് 27,000 പേരാണ്.‌ 2016ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുൻപാകെ കേസ് വന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാരായിരുന്നു അധികാരത്തിൽ. ശബരിമലയിൽ യുവതീപ്രവേശം വേണ്ടെന്നും തൽസ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നൽകി. എന്നാൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. യുവതീപ്രവേശത്തെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകി കോടതിയിൽ സംസ്ഥാന സർക്കാർ വാദിച്ചു.

You might also like

  • Straight Forward

Most Viewed